തൃശൂർ : ഘടക പൂരങ്ങളും ഇന്ന് വടക്കുന്നാഥനിലേക്ക് പൂരം കൂടാനെത്തും. എട്ടുദേശങ്ങളിൽ നിന്നെത്തുന്ന ഘടക പൂരപ്രേമികൾ വാദ്യ വിരുന്നും ആനക്കാഴ്ചയും ഒരുക്കും. കണിമംഗലം ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് കാർത്ത്യായിനി ഭഗവതി, ലാലൂർ കാർത്ത്യായനി ദേവി, നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവിലമ്മ, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി എന്നിവരാണ് തട്ടകങ്ങളെ ആവേശത്തിലാക്കി ശക്തന്റെ തട്ടകത്തേക്ക് എത്തുക.
കണിമംഗലം ശാസ്താവ്
വെയിലേൽക്കാതെ വരുന്ന കണിമംഗലം ശാസ്താവിന്റെ പൂരത്തിന് പ്രത്യേകതകളേറെയാണ്. പുലർച്ചെ അഞ്ചിനാണ് കണിമംഗലം ശാസ്താവ് പൂരത്തിന് പുറപ്പെടുക. ദേവഗുരുവായ ബൃഹസ്പതിയാണ് കണിമംഗലം ശാസ്താവെന്നാണ് ഐതിഹ്യം. അതിനാൽ ദേവഗുരു വടക്കുന്നാഥനെ വണങ്ങാറില്ല. ദേവഗുരുവിനെ കണ്ടാൽ വടക്കുന്നാഥൻ എഴുന്നേറ്റു നിൽക്കേണ്ടി വരുമെന്നതിനാൽ കണിമംഗലം ശാസ്താവ് തെക്കെഗോപുര നടവഴി വന്ന് പടിഞ്ഞാറെ നടവഴി ഇറങ്ങിപ്പോകും.
അയ്യന്തോൾ കാർത്ത്യായനി
അയ്യന്തോൾ കാർത്ത്യായിനി ഭഗവതിയാണ് ഏറ്റവും കൂടുതൽ പറകൾ ഏറ്റുവാങ്ങി പൂരനഗരിയിലെത്തുന്നത്. പുലർച്ചെ മൂന്നിന് ആറാട്ടു കഴിഞ്ഞ് പൂജകൾ കഴിഞ്ഞ് ഏഴരയോടെ അയ്യന്തോൾ ഭഗവതി പൂരത്തിന് പുറപ്പെടും.
ചെമ്പൂക്കാവ് ഭഗവതി
വെയിൽമൂക്കും മുമ്പേ ചെമ്പൂക്കാവ് കാർത്ത്യായിനി ഭഗവതി വടക്കുന്നാഥനെ കണ്ട് വണങ്ങി മടങ്ങും. രാവിലെ ഏഴിനാണ് ചെമ്പൂക്കാവിന്റെ പൂരം പുറപ്പെടുക.
ലാലൂർ കാർത്ത്യായനി ഭഗവതി
രാവിലെ ആറിന് മൂന്നാനപ്പുറത്ത് ലാലൂർ കാർത്ത്യായനി ഭഗവതി തൃശൂർ പൂരത്തിന് പുറപ്പെടും. ഒമ്പതാനകളുടെ അകമ്പടിയോടെയാണ് വരവ്.
കാരമുക്ക് ഭഗവതി
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രത്തിന്റെ കുളത്തിലായിരുന്നുവത്രെ ശക്തൻ തമ്പുരാൻ ഒളിവിൽ കഴിഞ്ഞ കാലത്ത് കുളിക്കാനെത്തിയിരുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴി കയറി തെക്കെഗോപുരം വഴി പുറത്തിറങ്ങും.
പനമുക്കുംപിള്ളി ശാസ്താവ്
തെക്കേമഠം മൂപ്പിൽ സ്വാമിയാർ വർഷത്തിലൊരിക്കൽ പൂജ നടത്താനെത്തുന്ന ക്ഷേത്രമാണ് പനമുക്കുംപിള്ളി ശാസ്താക്ഷേത്രം. രാവിലെ എട്ടിന് വടക്കുന്നാഥനിലേക്ക് പുറപ്പെടും.
ചുരക്കോട്ടുകാവിലമ്മ
പതിനാലാനപ്പുറത്താണ് ചൂരക്കോട്ടുകാവിലമ്മ പൂര നഗരിയിലെത്തുക. രാവിലെ 9.30 ഓടെയാണ് പൂര നഗരിയിലെത്തുക.
നെയ്തലക്കാവിലമ്മ
പൂരത്തിന് വിളംബരമറിയിക്കുന്ന നൈയ്തലക്കാവിലമ്മ രാവിലെ 11 മണിയോടെയാണ് വടക്കുന്നാഥനെ വണങ്ങാനെത്തുക.