തൃശൂർ : ഒരു മണിക്കൂർ നേരത്തെ പരോളിനായുള്ള തകൃതിയായുള്ള ഒരുക്കങ്ങളായിരുന്നു ഇന്നലെ രാവിലെ തെച്ചിക്കോട്ടുകാവ് ആനപ്പന്തിയിൽ. പുറത്തു കടക്കും മുമ്പ് വിസ്തരിച്ച് കുളി. പരോളിലിറങ്ങുന്നയാളെ കാണാൻ പുറത്ത് വൻ ജനസഞ്ചയത്തിന്റെ അക്ഷമയോടെയുള്ള കാത്തുനിൽപ്പ്. എഷ്യയിലെ വലിയ രണ്ടാമത്തെ കൊമ്പനെന്ന വിശേഷണമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടിയുള്ള കാത്തുനിൽപ്പായിരുന്നു അത്.
പൂരവിളംബരം അറിയിക്കാൻ നിരീക്ഷണ സമിതിയുടെ ദയാവായ്പിൽ ഒരു മണിക്കൂർ നേരം പുറത്തു കടക്കാനുള്ള അവസരം. ആ ഒരു മണിക്കൂർ ഏവരെയും അമ്പരിപ്പിച്ച നാടിന്റെ ആഘോഷ വേളകളായി മാറി. ചാവക്കാട് എഴുന്നള്ളിപ്പിനെത്തി രണ്ട് പേരെ കൊലപ്പെടുത്തിയതോടെ മൂന്നു മാസമായി പുറംലോകം കാണാതെ തെച്ചിക്കോട്ടുകാവ് ആനപറമ്പിൽ വിലക്കിൽ കഴിഞ്ഞിരുന്ന രാമചന്ദ്രന് വേണ്ടി ഏറെ മുറവിളിയാണ് ഉയർന്നത്. പൂരം പ്രതിസന്ധിയിലേക്ക് വരെ നീങ്ങിയതോടെയായിരുന്നു അവസാന നിമിഷം ഒരു മണിക്കൂർ നേരത്തെ പരോൾ നൽകിയത്. ഇന്നലെ ചടങ്ങുകൾ കഴിഞ്ഞയുടനെ ആരാധകർക്ക് അഭിവാദ്യം അർപ്പിച്ച് ലോറിയിൽ കയറ്റി ആനപ്പന്തിയിലേക്ക് മടങ്ങുമ്പോൾ ഏറെ ആശങ്കകൾ ബാക്കിയായിരുന്നു.
രാമചന്ദ്രനുള്ള വിലക്ക് എത്രനാൾ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഈ വിലക്ക് അജീവനാന്ത വിലക്കാക്കി മാറുമോയെന്നും ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം മൂന്നംഗ ഡോക്ടർമാരുടെ സമിതി നടത്തിയ പരിശോധനയിൽ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലായെന്ന റിപ്പോർട്ട് മാത്രമാണ് ഏക ആശ്വാസം. ഇത് കൊണ്ട് മാത്രം തെച്ചിക്കോട്ടുകാവിന് വരും നാളുകളിൽ ഉത്സവത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിക്കാനിടയില്ലായെന്നാണ് വിദഗ്ധരുടെ അഭിപ്രായം.