തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദർശനം വർണപ്പെരുമയുടെ നിറ സൗന്ദര്യമായി. കരിവീരന്മാർക്ക് അഴകേകുന്ന നെറ്റിപ്പട്ടങ്ങളും വെഞ്ചാമരവും ആലവട്ടവും പട്ടുകുടകളും ആനമണികളും ചേലോടെ അണിനിരന്ന പ്രദർശനം കാണാൻ പതിനായിരങ്ങളെത്തി. പരമ്പരാഗത നിറങ്ങൾക്കൊപ്പം ആധുനിക ചായക്കൂട്ടുകളും കുടകളിൽ പറ്റിച്ചേർന്നു നിന്നു. കരിവീരന്മാർക്ക് അഴകേകുന്ന നെറ്റിപ്പട്ടങ്ങളും വെഞ്ചാമരവും ആലവട്ടവും പട്ടുകുടകളും ആനമണികളും പ്രദർശനത്തിലൊരുക്കി. സിയോൺ, ലൈക്ര, ബനാറസ്, ഉൾട്ട പുൾട്ട, പടയണി, സിൽക്ക് തുടങ്ങിയ തുണിത്തരങ്ങളാണ് പാറമേക്കാവ് ഉപയോഗിക്കുന്നത്. ഫെർ തുണികളും ആകർഷകമായി ഒരുക്കിയിട്ടുണ്ട്. കുടകളിലെ സിംഹമുഖം, ഭഗവതിമുഖം, ഗോൾഡൻ അലുക്കുകളും സുവർണ ചന്ദ്രക്കലകളും അടക്കം വർണരാജിയാണ് ഇതൾവിരിഞ്ഞത്.
തൂവെള്ള നിറമുള്ള സ്ട്രിപ്പ് തുണിയിൽ മയിൽ പീലിയഴകു വിടർത്തിനിൽക്കുന്ന കുടകളും ആകാശനീലിമയിൽ മേഘക്കൂട്ട് പോലെ വെള്ളനിറം പൂശിയ കുടയുടെ മദ്ധ്യത്തിൽ സൂര്യകാന്തിപൂവ് ആലേഖനം ചെയ്ത കുടകളും ശ്രദ്ധേയം. 52 സെറ്റ് കുടകളുള്ളതിൽ അഞ്ചുസെറ്റ് സ്‌പെഷൽ കുടകളാണ്. പാറമേക്കാവ് അഗ്രശാലയിൽ ചമയപ്രദർശനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേയർ അജിത വിജയൻ, കലാമണ്ഡലം ഗോപിയാശാൻ എന്നിവർ വിശിഷ്ടാതിഥികളായി. കെ. സതീഷ്‌ മേനോൻ, ജി. രാജേഷ് എന്നിവർ പ്രസംഗിച്ചു. ഗജവീരൻമാർ അണിയേണ്ട അലങ്കാരങ്ങളും കുടമാറ്റത്തിന്റെ വർണക്കുടകളുമായി തിരുവമ്പാടിയുടെ ചമയപ്രദർശനമൊരുങ്ങി. നടുനായകനും കൂട്ടാനകൾക്കും പറ്റാനകൾക്കും കഴുത്തിലും കാലിലും കെട്ടുന്ന മണികളും അലുക്കുകളും കെട്ടിയ വടങ്ങൾ, നെറ്റിപ്പട്ടങ്ങൾ, ആലവട്ടം, വെഞ്ചാമരം എന്നിവയെല്ലാം ചമയപ്രദർശനത്തിലൊരുക്കി. കൂടാതെ മുരളീകൃഷ്ണന്റെ സ്വർണഗോളകയോടു കൂടിയ കോലവും കോലമേന്തുന്ന ഗജവീരൻ അണിയുന്ന വ്യത്യസ്തശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന 25 മണികളോടു കൂടിയ മണിക്കൂട്ടും പ്രദർശനത്തിന്റെ ആകർഷണമായി.