കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് നിലച്ചതിന്റെ ഒന്നാം വാർഷികം, ജങ്കാർ സർവീസിന്റെ ചരമ വാർഷിക ദിനമായി ആചരിച്ച് കെ.സി.വൈ.എമ്മുകാർ ജങ്കാർ സർവീസിനെ മറന്നവരുടെ പൊള്ളത്തരം തുറന്നുകാട്ടി. ജില്ലാ പഞ്ചായത്ത് ഭരണാധികാരികൾ, ബന്ധപ്പെട്ട ജനപ്രതിനിധികൾ, വിവിധ കക്ഷികളുടെ നേതാക്കൾ തുടങ്ങിവർക്കെതിരെയുള്ള പ്രതിഷേധ പ്രകടനം കൂടിയായി ജങ്കാർ ചരമ വാർഷിക ദിനാചരണം. മേനോൻ ബസാർ, പുത്തൻപള്ളി പരിസരം എന്നിവിടങ്ങളിലാണ് ദിനാചരണം നടന്നത്. അധികാര കേന്ദ്രങ്ങൾ തുടരുന്ന നിസ്സംഗതക്കെതിരെയും ഇവരെ തുറന്ന് കാട്ടാൻ ബാദ്ധ്യസ്ഥരായവർ നടിക്കുന്ന ഉറക്കത്തിനെതിരെയുമുള്ള പ്രതിഷേധമായി വാർഷികദിനാചരണം. ജങ്കാർ നിലച്ചതിനെ തുടർന്ന് തീരദേശവാസികൾ നേരിട്ടു കൊണ്ടിരിക്കുന്ന യാത്രാക്ളേശം ചെറുതല്ല. ഊന്നിക്കുറ്റി നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

കെ.പി. രാജേന്ദ്രൻ കൊടുങ്ങല്ലൂരിന്റെ ജനപ്രതിനിധിയായിരിക്കെയാണ് എറണാകുളം - തൃശൂർ ജില്ലകളെ ബന്ധിപ്പിച്ച് ജങ്കാർ സർവീസ് ആരംഭിച്ചത്. പിന്നീട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാക്കിയ ഈ സംവിധാനം വെള്ളാനയായി മാറി. അറ്റകുറ്റപ്പണികളുടെ പേരിൽ നടന്നതെല്ലാം പകൽക്കൊള്ളയായി. ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ തന്നെ ഇതൊരു വലിയ വിഷയമായി. കുപ്രസിദ്ധിാർജ്ജിച്ച ഈ അഴിമതി വിജിലൻസ് കേസിലേക്ക് വരെ എത്തിയതും അഴിമതിക്കെതിരെ നടന്ന പോരാട്ടം നയിക്കാൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന അഡ്വ. വിദ്യാ സംഗീത് തന്നെ രംഗത്തിറങ്ങിയതും പോയകാലത്തെ ചരിത്രമായിരുന്നു. യു.ഡി.എഫ് ഭരണത്തിൽ നിന്നും പോവുകയും എൽ.ഡി.എഫ് അധികാരത്തിലെത്തുകയും ചെയ്തിട്ടും ജങ്കാറിന്റെ ദുരിതത്തിന് അറുതിയായില്ല. പ്രതീകാത്മക അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചന തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ഫാ: ഗിൽബർട്ട് ആന്റണി ഉദ്ഘാടനം ചെയ്തു. അനീഷ് റാഫേൽ, അജിത്ത് കെ. തങ്കച്ചൻ, പി.ജെ തോമസ്, അരുൺ, ലിന്റോ, ഷജൽ, മോബിൻ എന്നിവർ സംസാരിച്ചു...