ഒറ്റപ്പാലം: ഒരുകാലത്ത് ആരാധകർക്കും ആർപ്പുവിളികൾക്കും നടുവിൽ വെടിക്കെട്ട് കരാറുകാരനായി ഉത്സവ പറമ്പുകളിൽ നിറഞ്ഞുനിന്ന കവളപ്പാറ കുഞ്ഞിക്കണ്ണനെ തൃശൂരിലെ പൂരപ്രേമികൾക്ക് ഓർമയുണ്ടോ എന്നറിയില്ല. വെടിക്കെട്ട് ഒരു കലയാണെങ്കിൽ, ആ ലോകത്തെ സൂപ്പർസ്റ്റാറായിരുന്നു കുഞ്ഞിക്കണ്ണൻ.
1998,1999 വർഷങ്ങളിൽ പൂരനഗരിയെ കുഞ്ഞിക്കണ്ണൻ വെടിക്കെട്ടിന്റെ ഇന്ദ്രജാല ചെപ്പ് തുറന്ന് വിസ്മയിപ്പിച്ചു. പാറമേക്കാവ് വിഭാഗത്ത വെടിക്കെട്ടിന്റെ ആവേശകരമായ മത്സരലോകത്ത് മുന്നിലെത്തിച്ച് സംഘാടകരുടെ സ്വർണ്ണപ്പതക്കവും നേടിയാണ് അദ്ദേഹം മടങ്ങിയത്. 2000ത്തിൽ തൃശൂർ പൂരത്തിന്റെ ഒരുക്കത്തിനിടെ നടന്ന വെടിക്കെട്ട് ദുരന്തത്തിൽ കരാറുകാരനും ചില തൊഴിലാളികളും മരണപ്പെട്ടിരുന്നു. അതോടെ പൂരംവെടിക്കെട്ട് പ്രതിസന്ധിയിലായി. അന്ന് സംഘാടകർ ഓടിയെത്തിയത് കുഞ്ഞിക്കണ്ണന്റെ അരികിലേക്കായിരുന്നു. പിന്നീട് ശക്തന്റെ മണ്ണ് സാക്ഷ്യം വഹിച്ചത് കുഞ്ഞിക്കണ്ണന്റെ വെടിക്കെട്ടിലെ മാസ്മരികതയ്ക്കാണ്.
തൃശൂർ പൂരം, വടക്കാഞ്ചേരി ഊതാളി പൂരം, നെന്മാറ - വല്ലങ്ങി വേല, തിരുവില്വാമല പറക്കോട്ട് കാവ് പൂരം, കാവശേരി പൂരം, ആറാട്ടുപുഴ പൂരം, തൃശൂർ കുറ്റിയങ്കാവ് പൂരം എന്നിങ്ങനെ വെടിക്കെട്ടിന് പേര് ഉത്സവ പറമ്പുകളിൽ അദ്ദേഹം ആരാധകരെ സൃഷ്ടിച്ചു. വർഷങ്ങൾക്കു മുമ്പുണ്ടായ ത്രാങ്ങാലി വെടിക്കെട്ട് ദുരന്തമാണ് കുഞ്ഞിക്കണ്ണനെ ഈ ലോകത്ത് നിശബ്ദനാക്കിയത്. വെടിക്കെട്ട് പണിശാലയിൽ ദുരന്തം തീപ്പൊരിയുടെ രൂപത്തിലെത്തിയപ്പോൾ അന്നവിടെ 14 ജീവനുകൾ അപഹരിക്കപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിക്കണ്ണൻ മാസങ്ങൾ നീണ്ട ചികത്സക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പക്ഷേ, പിന്നീട് പൂരപ്പറമ്പുകളെ തേടി പോയിട്ടില്ല അയാൾ. അതോടെ ഈ നാമം, പൂരപ്രേമികൾ മറന്ന് തുടങ്ങി. തലക്കു മുകളിൽ കേസിന്റെ ഭാരം പേറി അയാൾ ഇപ്പോഴും ജീവിക്കുന്നു.