canal
മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞു നിൽക്കുന്ന കനാൽ

ചാലക്കുടി: സൗത്ത് ചാലക്കുടിയിലെ ഇറിഗേഷൻ കനാൽ വൃത്തിയാക്കൽ തിങ്കളാഴ്ച മുതൽ ആരംഭിക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പ്രദേശം വരെയുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായിരുന്ന കണ്ണംകുളത്തിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് നപടി. വെട്ടുകടവ് കപ്പേള മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ കനാലിൽ അടിഞ്ഞുകിടക്കുന്ന ചെളി മാറ്റലാണ് തിങ്കളാഴ്ച നടക്കുക.

നാലു ദിവസത്തിനകം കനാലിലെ മണ്ണും അഴുക്കും മൊത്തമായി നീക്കം ചെയ്ത് ഒരാഴ്ചക്കുള്ളിൽ ഗോൾഡൻ നഗറിലെ കണ്ണംകുളത്തിലേക്ക് വെള്ളം എത്തിക്കാനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി കുളം നവീകരണം പൂർത്തിയായിട്ടുണ്ട്. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കനാലിലൂടെ വിടുന്ന വെള്ളം വെട്ടുകവ് കപ്പേള പരിസരത്തു നിന്നും താഴേക്കുള്ള ഒഴുക്ക് നിലച്ചിട്ട് വർഷങ്ങളായി. ഇതോടെ കനാൽ അഴുക്കുചാലായി മാറി.

സൗത്ത് ജംഗ്ഷനിലെ ദേശീയ പാത മേൽപ്പാലം നിർമ്മാണവും ഇതിനടിയിലൂടെയുള്ള കനാലിന്റെ പ്രയാണത്തിന് തടസമായി. ഈ പ്രശ്‌നവും പരിഹരിക്കും. കനാലിലെ അനധികൃത കൈയ്യേറ്റങ്ങളും പൊളിച്ചു മാറ്റുമെന്നും സ്ഥലത്തെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർ പ്രദേശ വാസികൾക്ക് നൽകിയിട്ടുണ്ട്.