തൃശൂർ : പൂരത്തലേന്ന് ആടയാഭരണങ്ങളില്ലാതെ തേക്കിൻകാടിൽ അണിനിരന്ന കരിവീരന്മാരുടെ ചന്തം നുകർന്ന് ആനക്കമ്പക്കാർ. ഇന്നലത്തെ സായം സന്ധ്യ തേക്കിൻകാട് കരിവീരക്കൂട്ടം കൈയടക്കുകയായിരുന്നു. തിരുവമ്പാടി വിഭാഗം സി.എം.എസ് സ്‌കൂളിന് മുന്നിലും പൂരത്തിന് ഇന്ന് എഴുന്നള്ളിക്കുന്ന ആനകളാണ് പൂര നഗരിയിലെത്തിയത്. കൊമ്പും തുമ്പിയുമായി മുറം പോലുള്ള ചെവിയാട്ടി ആടയാഭരണങ്ങളേതുമില്ലാതെ വമ്പോടെ നിൽക്കുന്ന കൊമ്പന്മാരെ കാണാൻ ആബാലവൃദ്ധം ജനങ്ങൾ പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തി. മനംമയക്കുന്ന ഈ ഗജസൗന്ദര്യമാസ്വദിക്കാൻ ആബാലവൃദ്ധം ജനങ്ങളാണ് പൂരനഗരിയിലെത്തിയത്. ടാങ്കിൽ നിറച്ച വെള്ളം തുമ്പിക്കൈയിലെടുത്ത് ചീറ്റിച്ച് കുളിക്കുകയും ടാങ്കിലെ വെള്ളത്തിൽ ചരിഞ്ഞ് കിടന്ന് പാപ്പാന്മാരുടെ വക തേച്ചുകുളി ആസ്വദിക്കുകയും ചെയ്യുന്ന കരിവീരന്മാർ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ജനാവലിക്ക് കൗതുകക്കാഴ്ചയായി. തങ്ങളുടെ ഇഷ്ടക്കാർക്ക് മുന്നിൽ ഏറെ നേരം നിന്നും സെൽഫിയെടുത്തും മറ്റുള്ളവരുമായി ആന വിശേഷം പറഞ്ഞും ആരാധകർ ആഹ്‌ളാദം പങ്കുവെച്ചു. ഉച്ചമുതൽ തന്നെ ആനകൾ തേക്കിൻകാടിൽ എത്തിത്തുടങ്ങി. തിരുവമ്പാടി വിഭാഗം സി.എം.എസ് സ്‌കൂളിന് മുന്നിലും പാറമേക്കാവ് ക്ഷേത്ര വളപ്പിലുമാണ് കൊമ്പന്മാരെ അണിനിരത്തിയത്. ആനകളുടെ അടുത്തേക്ക് അടുക്കാതിരിക്കാനായി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എല്ലായിടത്തും പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.