തൃശൂർ : നഗരം പൂരാവേശത്തിൽ, പൂരത്തലേന്ന് തിങ്ങി നിറഞ്ഞ് പുരുഷാരം. ഇന്നലെ രാവിലെ പൂര വിളംബരം മുതൽ തന്നെ ശക്തന്റെ തട്ടകത്തേക്ക് പൂരപ്രേമികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വൈകീട്ടായപ്പോഴേക്കും നഗരം പൂരാസ്വാദകരാൽ നിറഞ്ഞു. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ചമയപ്രദർശനം കാണാൻ രാത്രി വൈകി വരെയും നീണ്ട നിരയാണ് അനുഭവപ്പെട്ടത്.

പാറമേക്കാവിന്റെ അഗ്രശാലയിലും തിരുവമ്പാടിയുടെ ശ്രീശങ്കര ഹാളിലുമാണ് നടന്നത്. തേക്കിൻകാടിൽ അണിനിരത്തിയ ആനകളെ കാണുന്നതിനും, പന്തൽ, പൂരം പ്രദർശനം എന്നിവ കാണുന്നതിനും ജനം ഒഴുകിയെത്തി. ഇന്നലെ ഞായറാഴ്ച ആയതിനാൽ പതിവിലും തിരക്ക് ഏറെയായിരുന്നു. പൂരക്കാഴ്ച്ചകൾ ബുദ്ധിമുട്ടില്ലാതെ കാണാനുള്ള പരമാവധി സൗകര്യം ചെയ്തു കൊടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് എ.സി.പി വി.കെ. രാജു പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ പോലും റൗണ്ടിനുള്ളിലേക്ക് കടത്തി വിട്ടിരുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും ദേവസ്വങ്ങളുടെയും നേതൃത്വത്തിൽ പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്നലെ രാവിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരവിളംബരത്തിന് എത്തിയപ്പോൾ രാഷ്ട്രീയനേതാക്കളുടെ ഒത്തൊരുമയും പ്രകടമായി. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മന്ത്രി വി.എസ്. സുനിൽ കുമാർ, കെ. രാജൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും ഉണ്ടായിരുന്നു..