ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 14 ന് കൊടിയേറി 24ന് ആറാട്ടോട് കൂടി സമാപിക്കുന്ന തിരുവുത്സവത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. കിഴക്കേ നടപ്പുരയിൽ നടന്ന ചടങ്ങ് ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി വേണുഗോപാൽ മേനോനും കുടുംബവും ആദ്യ സമർപ്പണം നിർവഹിച്ചു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, അഡ്മിനിസ്ട്രേറ്റർ എ.എം സുമ, ഭരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തിരുവുത്സവത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ അന്നദാനത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങൾ, അരി, പച്ചക്കറികൾ, എണ്ണ, നാളികേരം, നെയ്യ്, ശർക്കര എന്നിവയാണ് സമർപ്പിച്ചത്. ഉത്സവ ദിനങ്ങളിലെ കലാപരിപാടികളുടെ അവതരണത്തിനായി നിർമ്മിച്ച സ്ഥിരം വേദിയുടെ സമർപ്പണം വ്യവസായി ജനാർദ്ദനൻ കാക്കര നിർവഹിച്ചു.