തൃശൂർ : തട്ടകക്കാരോടൊപ്പം ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാർ വടക്കുന്നാഥനിലെത്തി പൂരം കൊണ്ടു. ആനകളും വാദ്യക്കാരുമായി വടക്കുന്നാഥന്റെ തട്ടകത്തേക്ക് ചെറുപൂരങ്ങൾ പ്രവേശിച്ചതോടെ ഒപ്പം കൂടാൻ ജനസഞ്ചയമായിരുന്നു. ഞായറാഴ്ച്ച രാവിലെ കൊമ്പന്മാരിലെ സൂപ്പർ സ്റ്റാർ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ ശിരസിലേറി നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കെഗോപുര നടയിലൂടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ കാണാനെത്തിയതോടെ പൂരപ്പറമ്പിൽ തിരക്കായി.


ആനച്ചന്തവും മേളച്ചന്തവും നിറഞ്ഞു. പുലർച്ചെ നാലോടെ അഞ്ച് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ കണിമംഗലം ശാസ്താവ് ക്ഷേത്രത്തിൽ നിന്നെഴുന്നള്ളി. ചെട്ടിയങ്ങാടിയിലെ കുളശ്ശേരി അമ്പലത്തിലെത്തി കോലമിറക്കിവച്ചു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. മണികണ്ഠനാലിൽ കൂടുതൽ ആനകൾ അണിചേർന്നു. തേക്കിൻകാട് മൈതാനിയിലേക്ക് കടന്ന ശാസ്താവിന്റെ പൂരം ക്ഷേത്ര മതിൽക്കകത്ത് പടിഞ്ഞാറെ നടയിൽ മേളം കലാശിച്ച് കിഴക്കെനടയിലൂടെ എഴുന്നള്ളിപ്പ് പുറത്തുവന്നു. തിരിച്ച് ഇറക്കിപൂജയ്ക്കായി കുളശേരി ക്ഷേത്രത്തിലേക്ക് മടങ്ങി. പനമുക്കുംപിള്ളി ശാസ്താക്ഷേത്രത്തിൽ നിന്ന് രാവിലെ ആറരയോടെ ഒരാനയും പാണ്ടിമേളവുമായാണ് പുറപ്പെട്ടത്. കിഴക്കുംപാട്ടുകര ജംഗ്ഷനിലെത്തിയപ്പോൾ ആനകൾ മൂന്നായി.

പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കിഴക്കെഗോപുരം കടന്ന് വടക്കുന്നാഥനിലെത്തി. ചെമ്പൂക്കാവ് ഭഗവതി മൂന്നാനയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെയാണ് പുറപ്പെട്ടത്. കിഴക്കെ ഗോപുരത്തിലൂടെ വടക്കുന്നാഥനെ വണങ്ങി മതിൽക്കകത്ത് പഞ്ചവാദ്യം അവസാനിച്ചു. കാരമുക്ക് ഭഗവതി ക്ഷേത്രത്തിൽ നിന്നും പുലർച്ചെ അഞ്ചോടെ ഒരാനയുടെയും നടപ്പാണ്ടി മേളത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ തുടക്കം. കുളശേരി അമ്പലത്തിൽ ഇറക്കിപൂജ. അവിടെ നിന്നും മൂന്നാനപ്പുറത്ത് പഞ്ചാവാദ്യത്തോടെ വടക്കുന്നാഥനിലെത്തി. ലാലൂർ ഭഗവതി മൂന്നാനപ്പുറത്താണ് പുറപ്പെട്ടത്. എം.ജി റോഡിലെ ഓവർബ്രിഡ്ജിനടുത്ത് വെച്ച് വീണ്ടും രണ്ടാന കൂടി. ഏഴാനപ്പുറത്ത് പഞ്ചവാദ്യവുമായി ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങി നടുവിലാൽ പന്തലിൽ പഞ്ചവാദ്യം മേളത്തിന് വഴിമാറി. തുടർന്ന് ശ്രീമൂലസ്ഥാനത്ത് പൂരം സമാപിച്ചു. ചുരക്കോട്ടുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് രാവിലെ ഏഴിനാണ് തുടങ്ങിയത്. നടുവിലാൽ പന്തലിൽ നിന്ന് പതിന്നാലാനയും നൂറോളം വാദ്യകലാകാരന്മാരുടെയും അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തേക്കെത്തി. അയ്യന്തോൾ കാർത്ത്യായിനി ഭഗവതി ഏഴരയോടെ പൂരത്തിന് പുറപ്പെട്ടു. നാദസ്വരത്തിന്റെയും പിന്നെ പഞ്ചവാദ്യത്തോടെ ശ്രീമൂലസ്ഥാനത്തെത്തി. നെയ്തലക്കാവ് ഭഗവതിയുടെ പൂരം ഒമ്പത് ആനകളും വാദ്യമേളങ്ങളുമായാണ് ശ്രീമൂലസ്ഥാനത്ത് എത്തിയത്.