തൃശൂർ: കൃത്യമായ അറിയിപ്പുകളുമായി പൊലീസ് സംവിധാനം വേറിട്ടു നിന്നു. തെക്കെ ഗോപൂര നടയിൽ തയ്യാറാക്കിയ കൺട്രോൾ റൂമിൽ നിന്നായിരുന്നു മുന്നറിയിപ്പുകൾ നൽകിയിരുന്നത്. അനധികൃതമായി പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനങ്ങൾ പോലും കൺട്രോൾ റൂമിലെ സി.സി ടി.വി കാമറകളിലുടെ കണ്ടെത്തിയാൽ ഉടൻ നീക്കം ചെയ്യുന്നതിനുള്ള അറിയിപ്പുകളും അപ്പപ്പോൾ എത്തി.

പൂരനഗരിയിൽ എത്തിയവരുടെ ഒരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനുള്ള കാമറകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. വടക്കുന്നാഥന്റെ പടിഞ്ഞാറെ നട, തെക്കെ ഗോപൂര നട എന്നിവിടങ്ങളിലൂടെയാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. പടിഞ്ഞാറെ നടയിൽ മെറ്റൽ ഡിക്റ്ററ്ററും സ്ഥാപിച്ചിരുന്നു. ബാഗുകൾ കർശന പരിശോധനയും പൊലീസ് നടത്തിയിരുന്നു. എന്നാൽ പിടിച്ചു വച്ചിരുന്നില്ല. കുപ്പിവെള്ളം അനുവദിക്കില്ലെന്ന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അതിനും കടുത്ത നിയന്ത്രണം ഉണ്ടായില്ല.

മഫ്തിയിൽ വനിതാ പൊലീസ് അടക്കം രംഗത്ത് ഉണ്ടായിരുന്നു. അത്യാവശ്യ വാഹനങ്ങൾ ഒഴിച്ച് ഒറ്റ വാഹനങ്ങളും റൗണ്ടിലേക്ക് കടത്തി വിട്ടിരുന്നില്ല. കമ്മിഷണർ യതീഷ് ചന്ദ്ര, എ.സി.പി: വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ 3500 ഓളം പൊലീസുകാരനാണ് സുരക്ഷയ്ക്കായി ഉള്ളത്.