തൃശൂർ: മേടത്തിലെ പൊരിവെയിലിൽ പൂരച്ചൂടിനൊരു ആശ്വാസമാകാൻ വിശറികൾ വിതരണം ചെയ്യാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ന്യൂജെൻ പിള്ളേർക്കും കുട്ടികൾക്കും വയോധികർക്കും പൊലീസുകാർക്കും മറ്റ് ഉദ്യോഗസ്ഥൻമാർക്കുമെല്ലാം ആശ്വാസമായി ഈ പൂരത്തിനും താരം വിശറികൾ തന്നെ. കട്ടിക്കടലാസും മുളയുടെ വടിയുമുള്ള വിശറികളാണേറെയും. എന്നാൽ പ്ളാസ്റ്റിക് വിശറിയും സ്വകാര്യകമ്പനിക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഏറെയും സോപ്പ് കമ്പനിക്കാർ തന്നെയാണ് അവരുടെ പ്രചാരണത്തിന് വേണ്ടി വിശറികൾ പുറത്തിറക്കിയത്. ഒരു വിശറി കൊണ്ട് പോരാതെ രണ്ടും മൂന്നും വിശറികൾ രണ്ടു കൈകളിലും പിടിച്ച് വിശുന്നവരെയും പൂരപ്പറമ്പിൽ കണ്ടു. കടലാസ് തൊപ്പിയും തുണിത്തൊപ്പിയും വെയിലത്ത് ആശ്വാസമായി എത്തിയിട്ടുണ്ട്.
വിശറിയോ തൊപ്പിയോ നിലത്ത് അനാവശ്യമായി വലിച്ചെറിഞ്ഞ നിലയിൽ പൂരപ്പറമ്പിൽ അധികം കാണാനാവില്ല. അതുകൊണ്ടു തന്നെ സ്വകാര്യസ്ഥാപനങ്ങൾ ഇത്തവണ പതിവിലും കൂടുതൽ വിശറികളുണ്ടാക്കി വിതരണം ചെയ്തുവെന്നാണ് പറയുന്നത്. കരിമ്പന തൈകളുടെ പട്ടകൾക്കൊണ്ടുളള വിശറികൾക്കും ആവശ്യക്കാരുണ്ട്. അത് പണം കൊടുത്ത് വാങ്ങണമെന്ന് മാത്രം. പാലക്കാട്ട്
തരൂരിൽ നിന്ന് നൂറുകണക്കിന് വിശറികളാണ് തൃശൂർ പൂരത്തിന് വിൽക്കാനെത്താറുള്ളത്. 40 രൂപ വരെ വിലയുണ്ട്, ആ വിശറിക്ക്. വിശറികളും തൊപ്പികളും സംഘടനകളും മറ്റും നൽകുന്ന സംഭാരവും ഉള്ളതിനാൽ പൂരം അൽപ്പം ആശ്വാസത്തോടെ ആസ്വദിച്ചുവെന്നാണ് പൂരപ്രേമികൾ പറയുന്നത്.