തൃശൂർ: എൽ.ഇ.ഡി വെളിച്ചത്തിൽ ശബരിമല അയ്യപ്പനും പതിനെട്ടാംപടിയും തിളങ്ങുന്ന സ്പെഷ്യൽ കുട പാറമേക്കാവ് ഉയർത്തിയപ്പോൾ തിരുവമ്പാടിയുടെ മറുപടി, പുലിപ്പുറത്ത് വരുന്ന അയ്യപ്പന്റെ ദൃശ്യമുള്ള സ്പെഷ്യൽക്കുട!. ഇന്ത്യയുടെ ഭൂപടവും സെെനികനും ത്രിവർണ്ണ പതാകയുമായി തിരുവമ്പാടി മറ്റൊരു കുട ഉയർത്തി രാജ്യത്തിന്റെ സേനയ്ക്ക് അഭിവാദ്യം അർപ്പിച്ചപ്പോൾ കുടമാറ്റം കാണാനെത്തിയ ജനലക്ഷങ്ങൾക്ക് വിസ്മയം.
ദശാവതാരവും ഇലയും പൂവും മയിലും ഓലക്കുടയും വെങ്കിടാചലപതി ക്ഷേത്രവുമെല്ലാം ഇരുവിഭാഗങ്ങളുടെയും കുടകളായി ഉയർന്നു. ഒരേ നിറത്തിലുള്ള കുടകൾക്കു പകരം പല നിറത്തിലുള്ള കുടകളും ഉയർത്തി കുടമാറ്റത്തെ വ്യത്യസ്തമാക്കി. രണ്ടും മൂന്നും തട്ടുകളുള്ള കുടകളും മേളപ്പെരുക്കത്തിനൊടുവിൽ വടക്കുന്നാഥന്റെ തെക്കെ ഗോപുരനടയിൽ വിരിഞ്ഞു. മികവിനായി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചപ്പോൾ തേക്കിൻകാട് കുടമാറ്റ ലഹരിയിൽ അലിയുകയായിരുന്നു. തിരുവമ്പാടിയും പാറമേക്കാവും ചെപ്പിലൊളിപ്പിച്ച അതിശയക്കുടകൾ കാണാൻ വീർപ്പടക്കിയാണ് പൂരപ്രേമികൾ തെക്കെഗോപുരനടയിൽ കൂടിയത്.
വൈകിട്ട് ആറോടെയാണ് പച്ചയും ചുവപ്പും കുടകളുയർത്തി പാറമേക്കാവും തിരുവമ്പാടിയും നേർക്കുനേർ നിലകൊണ്ടത്. പിന്നീട് നിറങ്ങൾ മാറിമാറി ഉയരുമ്പോൾ ആരവം ഉയർന്നു പൊങ്ങി. സന്ധ്യയായതോടെ മൈതാനത്ത് ഹൈമാസ്റ്റ് വെളിച്ചം പരന്നു. ഏഴരയോടെ കുടമാറ്റത്തിന്റെ അവസാനഘട്ടത്തിൽ പതിനായിരങ്ങൾ ഉയർത്തിക്കാണിച്ച മൊബൈൽ വെളിച്ചത്തിന്റെ മിന്നുന്ന പ്രഭയിലായിരുന്നു തെക്കെഗോപുരനട. മുൻ വർഷങ്ങളേക്കാൾ ആൾത്തിരക്കായിരുന്നു മൈതാനത്തുണ്ടായത്.
മഴ ഒഴിഞ്ഞതിനാൽ കുടമാറ്റത്തിന്റെ ചാരുതയ്ക്ക് ഒട്ടും കുറവുമുണ്ടായില്ല. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയെങ്കിലും പൂരപ്രേമികൾക്കും കുടമാറ്റത്തിനെത്തിയവർക്കും അത് കാര്യമായ തടസമുണ്ടാക്കിയില്ല...