തൃശൂർ: പൂരലഹരിയിൽ തൃശൂർ നഗരം ഇളകിമറിയുമ്പോൾ പൂരവിളംബരം കുറിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പേരാമംഗലത്ത് ഒന്നും അറിയാതെ നിൽക്കുകയായിരുന്നു ഇന്നലെ. പതിനായിരക്കണക്കിന് ആരാധകവൃന്ദത്തിലൂടെ ഇറങ്ങിവന്ന് തെക്കേഗോപുരനട തുറന്ന് തിരിച്ചുപോകുന്നതുവരെ ലോകം മുഴുവൻ ലൈവായി കണ്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലായിരുന്നു ഇന്നലെ. ആളും ആരവവും ആരാധകരുമില്ലാതെ തലയെടുപ്പിന്റെ മസ്തകം അധികം ഉയർത്താതെ നിൽപ്പിലായിരുന്നു രാമൻ. പൂരമറിയാതെ..പൂരത്തിരക്കറിയാതെ.. പൂരവിളംബരത്തിന്റെ നല്ലോർമകളുമായി ഒരു ഏകാന്തവാസം.
തെക്കോട്ടിറക്കത്തിന്റെയും പൂരത്തിരക്കിന്റെയും സാമ്പിളായിരുന്നു പൂരവിളംബരത്തിന് കഴിഞ്ഞ ദിവസം രാമന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം തൃശൂരിലുണ്ടായത്. പൂരവിളംബരം കഴിഞ്ഞ് പേരാമംഗലം തെച്ചിക്കോട്ടുകാവിലെത്തിയപ്പോൾ രാമനെ തിരികെ സ്വീകരിക്കാനും ആൾക്കൂട്ടമുണ്ടായിരുന്നു. ഒരു കുഴപ്പവുമുണ്ടാക്കാതെ ശാന്തഗംഭീരനായി നെയ്തലക്കാവിലമ്മയെ ശിരസിലേറ്റി തെക്കെഗോപുരനട തുറന്ന് പൂരവിളംബരം നടത്തി മടങ്ങിയെത്തിയ രാമനെ ആർപ്പുവിളികളോടെയാണ് തട്ടകക്കാർ തെച്ചിക്കോട്ടേക്ക് തിരിച്ചുവരവേറ്റത്.