തൃശൂർ : ശ്രുതിമധുരമായ പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതം തൂവി മഠത്തിൽ വരവ്. വേദമന്ത്രങ്ങളാൽ മുഖരിതമായ ബ്രഹ്മസ്വം മഠത്തിന് മുന്നിലെ ആലിലകളെ പോലും പുളകം കൊള്ളിച്ച് പഴയനടക്കാവിൽ മഠത്തിന് മുന്നിൽ കാത്തുനിന്ന ആസ്വാദകർക്ക് കോങ്ങാട് മധു വിളമ്പിയത് കേൾക്കാൻ ഇമ്പമുള്ള, ഹൃദയം നിറയുന്ന പഞ്ചവാദ്യം. പരീക്ഷണങ്ങൾ നടത്തുന്നതിനേക്കാൾ ആസ്വാദകർ പ്രതീക്ഷിക്കുന്നത് ശ്രുതിമധുരമായ പഞ്ചവാദ്യമാണെന്ന് അറിയുന്നതിനാൽ അതിനാണ് ഊന്നൽ നൽകിയത്. തിരുവമ്പാടി ഭഗവതിയെ നടുവിൽ മഠത്തിലിറക്കിയതോടെ തൃശൂർ പൂരത്തിന്റെ ആവേശം കൊടിമുടിയിലേക്ക് കയറിത്തുടങ്ങി. മണിക്കൂറുകൾ തുടർച്ചയായി വാദ്യപ്രപഞ്ചം തീർക്കുന്ന വാദ്യകലാകാരന്മാർക്കും ശബ്ദം നെഞ്ചോടു ചേർക്കുന്ന വാദ്യപ്രേമികൾക്കും ഒരിക്കൽകൂടി വിരൊന്നൊരുക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ തിരുവമ്പാടിയിൽ നിന്നും മൂന്നാനപ്പുറത്ത് നടുവിൽ മഠത്തിലേക്ക് ദേവിയെ ആനയിച്ചതോടെയാണ് പൂരത്തിന് തുടക്കമായത്. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് സ്വരാജ് റൗണ്ടിലൂടെ നടുവിൽമഠത്തിലെത്തി ആറാട്ടും നിവേദ്യവും കഴിഞ്ഞ് വടക്കെമഠത്തിലേക്ക് കൊണ്ടു വന്നു. ഇവിടെ നിന്നാണ് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള പ്രശസ്തമായ മഠത്തിൽ വരവ് ആരംഭിച്ചത്. തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്ത് 11.20 ന് ഭഗവതിയുടെ തിടമ്പേറ്റിയതോടെ വാദ്യപ്രേമികളുടെ ആരവം പൂരനഗരിയെ ത്രസിപ്പിച്ചു. തുടർന്ന് മൂന്നാനകളോടെ ഭഗവതി പന്തലിൽ എത്തിയതോടെ കാത്തുകൊള്ളണേയെന്ന് മനസിൽ ധ്യാനിച്ച് കോങ്ങാട് മധു തന്റെ കൂട്ടാളികളെ നോക്കി തിമിലയിൽ കാലം തുടങ്ങിയപ്പോൾ അത് നിലയ്ക്കാത്ത ആരവത്തിന് വഴിവച്ചു.

പിന്നെ ഓരോ നിമിഷങ്ങളും പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി മധുവും കൂട്ടരും കാലങ്ങൾ കൊട്ടിക്കയറി. പഞ്ചവാദ്യം സ്വരാജ് റൗണ്ടിലേക്ക് കയറിയപ്പോൾ ഭഗവതിക്ക് അകമ്പടിയായി ആനകൾ ഏഴായി. നടുവിലാലിലും സി.എം.എസിന് മുന്നിലും കൂട്ടിക്കൊട്ടലുകൾ കഴിഞ്ഞ് നായ്ക്കനാലിൽ എത്തിയപ്പോഴേക്കും ആസ്വാദകരുടെ ആരവം നിലയ്ക്കാത്ത പ്രവാഹമായി മാറി. കാലങ്ങൾ കൊട്ടിക്കയറുന്നതിനനുസരിച്ച് പൂരക്കമ്പക്കാരുടെ ആവേശവും വർദ്ധിച്ചു. ഒടുവിൽ പൂരനഗരിക്ക് ഒരിക്കലും മറക്കാനാവാത്ത പഞ്ചവാദ്യത്തിന്റെ മാധുര്യം നിറച്ചാണ് മധു കലാശം കൊട്ടി പിൻവാങ്ങിയത്. ചെർപ്പുളശേരി ശിവൻ മദ്ദളത്തിലും തിച്ചൂർ മോഹനൻ എടക്കയിലും മഠത്തിലാത്ത് മണികണ്ഠൻ കൊമ്പിലും ചേലക്കര സൂര്യനാരായണൻ താളത്തിലും പ്രമാണം വഹിച്ചു..