തൃശൂർ: ഇന്ന് ഉച്ചവരെ നീളുന്ന പൂരത്തിന് ക്ഷേത്രത്തിൽ നിന്നും ഇന്നലെ രാവിലെ പൂരനഗരിയിലേക്ക് പുറപ്പെട്ട തിരുവമ്പാടി ഭഗവതിക്ക് തട്ടകനിവാസികളുടെയും പൂരപ്രേമികളുടെയും ഭക്തസഹസ്രങ്ങളുടെയും ആവേശകരമായ യാത്രഅയപ്പ്. തിരുവമ്പാടി ക്ഷേത്രത്തിൽ നിന്നും നടുവിൽ മഠത്തിലേക്ക് തിരുവമ്പാടി ഭഗവതി രാവിലെ ഏഴരയോടെയാണ് പുറപ്പെട്ടത്.

തിടമ്പേറ്റിയ ആന ക്ഷേത്രഗോപുരം കടന്ന് പുറത്തെത്തിയപ്പോൾ പുഷ്പവൃഷ്ടി നടത്തി തട്ടകവാസികളും ഭക്തരും പൂരക്കമ്പക്കാരും ഭഗവതിയെ പൂരക്കാഴ്ചകളിലേക്ക് വരവേറ്റത്. പ്രസിദ്ധമായ മഠത്തിൽ നിന്നുള്ള വരവിന്റെ മുന്നോടിയാണ് മഠത്തിലേക്കുള്ള വരവ്. ചെറുശേരി കുട്ടൻ മേളം നയിച്ചു. ശങ്കരംകുളങ്ങര മണികണ്ഠൻ തിടമ്പേറ്റി. ചിറയ്ക്കൽ ശബരീനാഥ്, അക്കിക്കാവ് കാർത്തികേയൻ എന്നിവർ പറ്റാനകളായി.

ഭഗവതി പൂരനഗരിയിലേക്ക് എഴുന്നള്ളിയത് ഷൊർണൂർ റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിലേയും സ്ഥാപനങ്ങളിലേയും പറകളെടുത്തുകൊണ്ടാണ്. തിടമ്പേറ്റിയ ഭഗവതിക്കൊപ്പം കോലത്തിൽ കൃഷ്ണസാന്നിദ്ധ്യമായി തിരുവമ്പാടി കണ്ണനും പൂരത്തിനെത്തി. നായ്ക്കനാൽ പന്തലിൽ ഭഗവതിയുടെ പൂരം എത്തിയപ്പോൾ ചെറിയ തോതിൽ വെടിക്കെട്ട് നടന്നു.