തൃശൂർ: ചെമ്പടമേളത്തിനിടയിൽ ആരോഗ്യസ്ഥിതി അൽപ്പമൊന്ന് ഉടക്കിയെങ്കിലും വടക്കുന്നാഥന്റെ അനുഗ്രഹത്തിൽ 21-ാം തവണയും കൈയും മെയ്യും മനസും മറന്ന് ഇലഞ്ഞിത്തറ മേളത്തിന് പെരുവനം കുട്ടൻമാരാർ പ്രമാണിയായി. പതികാലത്തിൽ തുടങ്ങി, മേളഗോപുരത്തിന്റെ പരകോടിയിലെത്തിക്കുന്ന ഇലഞ്ഞിത്തറമേളം ആസ്വദിക്കാൻ ഇക്കുറിയും ഇലഞ്ഞിച്ചോട്ടിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. പതിവിൽ നിന്ന് വ്യത്യസ്തമായി സുരക്ഷാക്രമീകരണം ഉള്ളതിനാൽ ക്യൂ സമ്പ്രദായത്തിലൂടെ ബാരിക്കേഡ് വഴിയാണ് ജനങ്ങളെ ഇലഞ്ഞിച്ചുവട്ടിലേക്ക് പൊലീസ് കടത്തിവിട്ടത്.
വളരെ നേരത്തെ അകത്തേക്ക് ജനങ്ങൾ കടക്കണമെന്ന് പൊലീസ് നിർദ്ദേശമുണ്ടായിരുന്നു. കടുത്ത വെയിൽ പോലും അവഗണിച്ച് മേളം കേൾക്കാനെത്തിയവർ രണ്ടരമണിക്കൂർ നേരം മുന്നൂറോളം കലാകാരൻമാർ തീർത്ത ഈ നാദവിസ്മയം കഴിഞ്ഞതിന് ശേഷം ഒരിക്കൽക്കൂടി പറഞ്ഞു, പൂരം കാണാനുള്ളതു മാത്രമല്ല, കേൾക്കാനുള്ളത് കൂടിയാണെന്ന്.
പതികാലത്തിൽ മേളം തുടങ്ങിയത് കേളത്ത് അരവിന്ദാക്ഷന്റെ നേതൃത്വത്തിലായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം അൽപ്പസമയം വിശ്രമത്തിലായിരുന്ന പെരുവനം പിന്നെ കൂടെ ചേർന്ന് നേതൃസ്ഥാനം ഏറ്റെടുത്തു. പതികാലം വിട്ട് താളം മുറുകിയതോടെ മേളപ്രേമികൾ ആർത്തു. കുറുങ്കുഴലുകാരുടെ തലയാട്ടലിനും കൊമ്പുകാരുടെയും ഇലത്താളക്കാരുടെയും മുന്നോട്ടാഞ്ഞുള്ള താളത്തിനുമൊപ്പമായി ലോക പ്രശസ്തമായ സിംഫണി. കൈകളുയർത്തി, താളമിട്ട്, തലയിളക്കിയും പുരുഷാരം മേളത്തിലേക്ക് ലയിച്ചു. ഇടത്തു കലാശം കഴിഞ്ഞ് അടിച്ചു കലാശത്തിലേക്കും തകൃതത്തിലേക്കും മേളം വഴിമാറി. തകൃതത്തിന്റെയും ത്രിപുടയുടെയും അവസാനത്തിൽ കാണികൾ സ്വയം മറന്നു. ചെണ്ട മുന്നിലേക്ക് തള്ളിപ്പിടിച്ച് കൊട്ടുമ്പോഴും ചെണ്ടയും കൊമ്പും കുഴലും ഇലത്താളവുമെല്ലാമായി മേളം കൊഴുക്കുമ്പോഴും പിന്നെ, കുഴഞ്ഞുമറിഞ്ഞുള്ള ഉയർന്നുകൊട്ടലിലും മേളം സമ്പൂർണ്ണമായി.
വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ പാറമേക്കാവിന്റെ എഴുന്നള്ളത്ത് അവസാനിച്ച ശേഷമായിരുന്നു ഇലഞ്ഞിത്തറ മേളത്തിന്റെ തുടക്കം. കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശനും പെരുവനത്തിന്റെ പെരുക്കത്തിന് താങ്ങും തണലുമായി.
തിരുവല്ല രാധാകൃഷ്ണൻ, ചേറൂർ രാജപ്പൻ, പെരുവനം ശങ്കരനാരായണൻ, ഈച്ചരത്ത് ശശീന്ദ്രൻ, കലാമണ്ഡലം ഹരീഷ്, തൃക്കൂർ അശോക് മാരാർ എന്നിവർ വലത്തും പഴുവിൽ രഘു, ചൊവ്വല്ലൂർ മോഹനൻ, പരിയാരത്ത് രാജൻ, രാമചന്ദ്ര വാര്യർ, പാറമേക്കാവ് അജീഷ്, പാറമേക്കാവ് അനീഷ് എന്നിവർ ഇടത്തും കൂട്ടായി.
പെരുവനം ഗോപാലകൃഷ്ണൻ വീക്കം ചെണ്ടയിലും കിഴൂട്ട് നന്ദൻ കുഴലിലും മച്ചാട് രാമകൃഷ്ണൻ കൊമ്പിലും ചേർപ്പ് നന്ദനൻ ഇലത്താളത്തിലും പ്രമാണിമാരായി. 15 ഉരുട്ടുചെണ്ട, 105 ഓളം താളംചെണ്ട, 90 ഇലത്താളം, 30 വീതം കൊമ്പും കുഴലും എന്നിങ്ങനെ സമ്പന്നമായ മേളം കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതിനാലാണ് ഇലഞ്ഞിത്തറമേളമായത്. പാണ്ടിമേളം ക്ഷേത്ര മതിൽക്കകത്ത് പാണ്ടി പാടില്ലെന്നാണ് വിധി. തൃശൂർപൂരം മാത്രമാണ് ഇതിന് അപവാദം. മേളം കൊട്ടിത്തീർന്ന് പാറമേക്കാവ് വിഭാഗം ആനകൾ വടക്കുന്നാഥനെ വലംവച്ച് തെക്കേനടയിലൂടെ തേക്കിൻകാട് മൈതാനത്തേക്കിറങ്ങിതോരെയാണ് ഇലഞ്ഞിച്ചുവടൊഴിഞ്ഞത്. 15 ആനകളുടെ അകമ്പടിയോടെ വടക്കുന്നാഥന്റെ കിഴക്കേ ഗോപുര വാതിൽ കടന്ന് ചെമ്പട കൊട്ടിയാണ് പാറമേക്കാവിലമ്മ ഇലഞ്ഞിച്ചോട്ടിലെത്തിയത്.