തൃശൂർ: പൂരം പുറപ്പാടിന്റെ ആഢ്യത്വവും ഗാംഭീര്യവുമായി പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ്. ഉച്ചവെയിലിൽ വെട്ടിത്തിളങ്ങി പാറമേക്കാവിലമ്മ പുറത്തേക്കിറങ്ങിയപ്പോൾ ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്ന ആൾക്കൂട്ടം ആർപ്പ് വിളിച്ച് വരവേറ്റു. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. എന്നാൽ കുട്ടൻ മാരാർക്ക് അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കേളത്ത് അരവിന്ദാക്ഷനായിരുന്നു പിന്നീട് മേളം നിയന്ത്രിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ഭക്തരും പൂരപ്രേമികളും തട്ടകനിവാസികളുമാണ് പാറമേക്കാവിന്റെ പൂരം പുറപ്പാടിന് സാക്ഷികളാകാൻ എത്തിയത്. പാണികൊട്ടി പുറത്തിറങ്ങിയ മേളം ചെമ്പട കൊട്ടി പാരമ്യത്തിലെത്തിയതോടെ പൂരപ്രേമികളിലും ആവേശം പാരമ്യത്തിലെത്തി. കിഴക്കെ ഗോപുര നട വഴിയാണ് പാറമേക്കാവ് ഭഗവതി വടക്കുന്നാഥനിലേക്ക് പ്രവേശിച്ചത്.