തൃശൂർ: മേളത്തിനിടയിൽ മേളപ്രമാണി പെരുവനം കുട്ടൻ മാരാർ കുഴഞ്ഞുവീണു. ഇലഞ്ഞിത്തറ മേളത്തിനായി പുറപ്പെടുന്നതിന്റെ തുടക്കമായി പാറമേക്കാവിന്റെ പൂരം പുറപ്പാട് ക്ഷേത്ര നടയിൽ കൊട്ടുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരിയ പനി ഉണ്ടായിരുന്നുവെങ്കിലും തൃശൂർ പൂരത്തിൽ കൊട്ടുന്നത് ഒഴിവാക്കാനാകാത്തതിനാൽ പങ്കെടുക്കുകയായിരുന്നു. ഉടൻ മന്ത്രി വി.എസ്. സുനിൽകുമാറും ദേവസ്വം പ്രതിനിധികളും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ ഇലഞ്ഞിത്തറ മേളം കൊട്ടാൻ പെരുവനം എത്തിയതോടെ മേളക്കാർക്കും ദേവസ്വം ഭാരവാഹികൾക്കും മേളാസ്വാദകർക്കുമൊക്കെ ആശ്വാസമായി. രണ്ടര മണിക്കൂറോളം ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണിത്വം നൽകിയ പെരുവനം മേളം ശുഭമായി അവസാനിപ്പിച്ചതിനുശേഷമാണ് മടങ്ങിയത്.