ചാലക്കുടി: നഗരത്തിൽ തുടരുന്ന ഗതാഗത പ്രശ്‌നം അടുത്ത തിങ്കളാഴ്ച മുതൽ പരിഹരിക്കാൻ നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ വിളിച്ചുചേർത്ത ബസുടമകളുടെയും വ്യാപാരികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. നോർത്ത് ജംഗ്ഷനിൽ നിന്നും മാള മേഖലയിലേക്കുള്ള യാത്രക്കാർക്ക് നേരത്തെയുണ്ടായിരുന്ന സൗകര്യം ലഭ്യമാക്കാനാണ് പ്രധാനമായും ധാരണയായത്.

ഇതുപ്രകാരം സൗത്ത് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസുകൾ മുൻ രീതിയിൽ തന്നെ ട്രങ്ക് റോഡ് ജംഗ്ഷനിലെത്തും. സിദ്ധാർത്ഥ ഹോട്ടലിൽ പരിസരത്തെ സ്റ്റോപ്പിൽ നിന്നും ആളെ കയറ്റിയ ശേഷം സബ്ബ് ട്രഷറി കൂടി സർവീസ് റോഡിലൂടെ വീണ്ടും സൗത്തിലെത്തും. തുടർന്ന് മേൽപ്പാലത്തിന് അടിയിലൂടെ പടിഞ്ഞാറെ സർവീസ് റോഡ് മാർഗ്ഗം മാളയിലേക്ക് പോകും. മാളയിൽ നിന്നും തിരിച്ചെത്തുന്ന ബസുകളും ഇതേ രീതി പിന്തുടരണം. ഇത്തരം അധിക ഓട്ടത്തിൽ സ്വകാര്യ ബസുകൾക്ക് സമയ നഷ്ടം സംഭവിക്കാത്ത വിധം മെയിൻ റോഡിലെ ഗതാഗതക്കരുക്ക് ഒഴിവാക്കാനും ധാരണയായി. ഇവിടെ കാണപ്പെടുന്ന അനധികൃത പാർക്കിംഗ് ഒഴിവാക്കുകയാണ്. ഇവിടെ സൗത്ത് ജംഗ്ഷൻ മുതൽ ചർച്ച് റോഡ് വരെ ഇരുഭാഗത്തുമുള്ള വാഹന പാർക്കിംഗ് നിരോധിക്കും. കോ ഓപ്പ് ടെക്‌സ് മുതൽ മിനർവ ബേക്കറി വരെ പടിഞ്ഞാറെ വരിയിലെ വാഹന പാർക്കിംഗും ഇല്ലാതാക്കും. ബസുടമ സംഘത്തിലെ രണ്ട് പ്രബല വിഭാഗങ്ങൾ തീരുമാനത്തെ അനുകൂലിച്ചപ്പോൾ മറ്റ് രണ്ടു വിഭാഗങ്ങൾ തങ്ങളുടെ തീരുമാനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ വി.ജെ. ജോജി, കെ.വി. പോൾ, ജോ. ആർ.ടി.ഒ കെ.കെ. സുരേഷ്‌കുമാർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ബസുടമ സംഘം പ്രതിനിധികളായ ജോൺസൻ പയ്യപ്പിള്ളി, ലിൻസൻ ജോൺ, പി.ജെ. ജോഷി, എ.ടി. ഷിബു, ജോയ് തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

പൊലീസ് പങ്കെടുത്തില്ല

ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിന് നഗരസഭ വിളിച്ചുചേർത്ത യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കാത്തത് ചർച്ചയായി. ബസുടമകൾ, വ്യാപാരി പ്രതിനിധികൾ, ആർ.ടി.ഒ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ പൊലീസ് പ്രശ്‌നത്തെ ഗൗരവത്തിൽ എടുക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. ഡിവൈ.എസ്.പി, സി.ഐ. എന്നിവർ പൂരം ഡ്യൂട്ടിക്കായി തൃശൂരിലേക്ക് പോയിരിക്കുകയാണ്. പക്ഷേ സ്ഥലത്തുണ്ടായിരുന്നിട്ടും എസ്.ഐയും തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരും യോഗത്തിനെത്തിയില്ല. നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ പരിഹാരം കാണേണ്ട പൊലീസ്, സംഭവ വികാസങ്ങളിൽ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപണവും ഉയരുന്നു. അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് നേരത്തെ തീരുമാനം എടുത്തുവെങ്കിലും ഉദ്യോഗസ്ഥർ അതു പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നില്ലെന്നും പറയുന്നു..