ചാലക്കുടി: നഗരത്തിന്റെ വികസനം പ്രതിസന്ധികളിൽ കുടുങ്ങി നിശ്ചലമായെന്നും ഭരണപക്ഷവും പ്രതിപക്ഷവും ഇതിൽ ഒരു പോലെ കുറ്റക്കാരാണെന്നും മുൻ ദേശീയ ഫുട്ബാൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നഗരസഭയുടെ ടൗൺഹാൾ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പണി തുടങ്ങുകയും അതു പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഇപ്പോഴത്തെ ഭരണക്കാരും അത് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ താൽപര്യം കാട്ടുന്നില്ല. സൗത്ത് ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പൂർത്തിയായിട്ടും ഇതുവരെ പ്രവർത്തിപ്പിക്കാനാകാത്തത് അനാസ്ഥയാണ്. നിർമ്മാണത്തിലിക്കുന്ന പാർക്കിന് ചുറ്റും കോട്ട പോലെ മതിലു കെട്ടുന്ന രീതി കേട്ടുകേൾവി പോലുമില്ലാത്തതാണ്. നഗരസഭയുടെ പേരിൽ ഒരു സ്റ്റേഡിയം ഇതുവരെയും നിർമ്മിക്കാൻ കഴിയാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.