തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറയിൽ മേളം തുടങ്ങുമ്പോൾ, പുറത്ത് നായ്ക്കനാലിൽ നിന്നുള്ള ശ്രീമൂല സ്ഥാനത്തേക്കുള്ള വഴിയിൽ കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിൽ കാലം മാറി ആസ്വാദകരെ ലഹരിയിലാക്കുകയായിരുന്നു. മഠത്തിൽ നിന്നും കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ നടന്ന പഞ്ചവാദ്യത്തിന്റെ തിരുമധുരം മാറും മുമ്പാണ് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള സംഘം പാണ്ടിമേളത്തിന് കോലിട്ടത്. ആയിരങ്ങൾക്ക് അസുരവാദ്യത്തിൽ വിരുന്നൊരുക്കി കൊണ്ട് കാലങ്ങൾ കൊട്ടിക്കയറുകയായിരുന്നു. ഒടുവിൽ ശ്രീമൂലസ്ഥാനത്ത് എത്തിയപ്പോഴേക്കും ആരവം ഇരമ്പിയാർത്തു. മുറുകുന്ന മേളത്തിൽ കണക്കിന്റെ കണിശത തെറ്റിയില്ല, വൈകീട്ട് 4.45ന് ഇരുപത്തഞ്ച് കലാശത്തിൽ കാലം പൂർത്തിയാക്കുമ്പോൾ ഇളകിയാർത്ത ജനക്കൂട്ടത്തിനും സംതൃപ്തിയായി...