തൃശൂർ: വിവാദങ്ങളുടെ കരിനിഴലിൽ വീഴാതെ തൃശൂരിന്റെ മാനത്ത് പൂരം മിന്നിത്തെളിഞ്ഞു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള പഴുതടച്ച സുരക്ഷയ്‌ക്കിടെ ഇന്നലെ നടന്ന കുടമാറ്റ ചടങ്ങിൽ തേക്കിൻകാട് മൈതാനം സാക്ഷിയായത് മനുഷ്യസാഗരത്തിനായിരുന്നു. ആവേശമായി പെരുവനം കുട്ടൻ മാരാരുടെ ഇലഞ്ഞിത്തറമേളം കൂടിയായപ്പോൾ മേളം കൊഴുത്തു. കോങ്ങാട് മധുവിന്റെ മഠത്തിൽ വരവായതോടെ ആരവങ്ങളാർത്തു. സൂര്യോദയത്തിന് ശേഷം പതിനഞ്ചാനകളുടെ അകമ്പടിയോടെ തിരുവമ്പാടി ഭഗവതി മഠത്തിലേക്ക് എഴുന്നള്ളുമ്പോൾ സമയം രാവിലെ ഏഴ്. തിരുവമ്പാടി ചന്ദ്രശേഖരനായിരുന്നു തിടമ്പേറ്റിയത്.
പിന്നാലെ വടക്കുന്നാഥനിലേക്ക് കണിമംഗലം ശാസ്‌താവെത്തി. അടുത്തത് കാരമുക്ക് ഭഗവതിയുടെ ഊഴമായിരുന്നു. വെയിലും ചൂടുമൊന്നും ഈ ഘടകക്ഷേത്രങ്ങളിലെ തട്ടകക്കാരെ ഏശിയില്ല. ഉച്ചയോടെ എട്ട് ഘടകക്ഷേത്രങ്ങളും പൂരം സമ്പൂർണമാക്കി തട്ടകത്തേക്ക് മടങ്ങി. 11 മണിയായപ്പോൾ ബ്രഹ്മസ്വം മഠം തിരുവമ്പാടിയുടെ മഠത്തിൽ വരവിനൊരുങ്ങി. അന്നേരം പഞ്ചവാദ്യത്തിന്റെ നിർവൃതിയിലായിരുന്നു നഗരം. അതിനുശേഷം ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥന്റെ അങ്കണത്തേയ്ക്ക്. പന്ത്രണ്ടോടെ പതിനഞ്ചാനകളുമായി പാറമേക്കാവിലമ്മ പൂരത്തിനിറങ്ങി. ഗുരുവായൂർ നന്ദനായിരുന്നു തിടമ്പേറ്റിയത്.
രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാർ പാണ്ടി കൊട്ടിക്കയറ്റി. പതിനായിരങ്ങൾ രണ്ടു മണിക്കൂറോളം നിർവൃതിയിലായി. അഞ്ചു മണിയോടെ പാറമേക്കാവിലമ്മ ഗോപുരം വഴി തെക്കോട്ടിറങ്ങി. കുടകൾ മാറിച്ചൂടിയ ഗജവീരന്റെ പുറത്തേറിയ പാറമേക്കാവിലമ്മ മൈതാനം വഴിയിറങ്ങി കോർപറേഷന് മുന്നിലെ രാജാവിന്റെ പ്രതിമയെ ചുറ്റി സ്വരാജ് റൗണ്ടിൽ നിരന്നു. പിന്നാലെ തിരുവമ്പാടി ഭഗവതിയും തെക്കെ ഗോപുരത്തിന് മുന്നിൽ നിരന്നു. ആറോടെ പച്ചക്കുട ചൂടി പാറമേക്കാവ് നിറ വിസ്മയമായ കുടമാറ്റത്തിന് തുടക്കമിട്ടു. അതോടെ ജനസാഗരം ആർത്തിരമ്പി. ഇതേ വരെ കാണാത്ത ആൾത്തിരക്കായിരുന്നു തേക്കിൻകാട്ടിൽ ദൃശ്യമായത്. രാത്രി ഏറെ വൈകുവോളം ജനം നഗരത്തിൽ തങ്ങി. പുലർച്ചെയ്ക്കുള്ള വെടിക്കെട്ടിനായി ആയിരങ്ങൾ രാത്രിയിലും പ്രവഹിക്കുകയായിരുന്നു. പുലർച്ചെ മൂന്നിന് പ്രധാന വെടിക്കെട്ട് കഴിഞ്ഞാൽ നഗരം പിന്നെ പകൽപ്പൂരത്തിന്റെ തിരക്കാകും. ഇന്ന് ഉച്ചയ്ക്ക് പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും. പിന്നെ കാത്തിരിപ്പാണ് അടുത്തപൂരത്തിന്...