തൃശൂർ: പൂരനഗരത്തെ ത്രസിപ്പിച്ചും വർണത്തിൽ ആറാടിച്ചും വടക്കുന്നാഥ മൈതാനത്ത് നടന്ന തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് പതിനായിരങ്ങൾ സാക്ഷിയായി. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും അൽപ്പം നിരാശരാക്കിയെങ്കിലും നിറഞ്ഞ മനസോടെയായിരുന്നു ജനങ്ങൾ ഇന്നലെ പുലർച്ചെ മടങ്ങിയത്.

ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവുമാണ് വെടിക്കെട്ടിന് തിരിതെളിച്ചത്. ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പിന് ശേഷം പുലർച്ചെ 3.45ന് ശേഷമാണ് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് തിരി കൊളുത്തിയത്. ചെറിയ കാത്തിരിപ്പിന്റെ ഇടവേളയ്ക്ക് ശേഷം അഞ്ച് മണിയോടെ പാറമേക്കാവും വിസ്മയത്തിന് തിരി കൊളുത്തി. പുലർച്ചെ രണ്ടോടെ തന്നെ വെടിക്കെട്ട് കാണാനെത്തിയ പൂരപ്രേമികളെ റോഡിൽ നിന്നും മാറ്റിയിരുന്നു.

പലപ്പോഴും സുരക്ഷ ഭേദിക്കാനുള്ള ജനങ്ങളുടെ ശ്രമം പൊലീസിനെ വലച്ചു. ഓലപ്പടക്കം, അമിട്ട്, ഗുണ്ട്, കുഴിമിന്നി എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചത്. അതേസമയം, അമിട്ടിൽ ബേരിയം ഉപയോഗിക്കരുതെന്ന് ഉത്തരവുണ്ടായതിനാൽ വെടിക്കെട്ടിന്റെ വർണ്ണഭംഗി അൽപ്പം കുറഞ്ഞെന്ന പരിഭവവും ഉയർന്നു. ബേരിയം ഉപയോഗിക്കാത്തതിനാൽ അമിട്ടിലെ പച്ചനിറവും നീലനിറവും ഇല്ലാതായി. അമിട്ടുകളെല്ലാം ചുവപ്പിൽ കുളിച്ചത് പോലെയായിരുന്നു. കൂട്ട് വർണ്ണങ്ങളുടെ സങ്കലനം മൂലമുള്ള പുതുവർണ്ണഭംഗിയും കുറഞ്ഞു. എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും കർശനമായ പരിശോധനയ്ക്ക് ശേഷമായിരുന്നു വെടിക്കെട്ട്...