തൃശൂർ: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാപ്പകൽ കണ്ണുചിമ്മാതെ കാവലാളായും ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട കുട്ടിയുടെ രക്ഷകരായും മാറിയപ്പോൾ പൂരപ്പറമ്പിൽ പൊലീസിന് ബിഗ് സല്യൂട്ട്. കുടമാറ്റം കൊടുമ്പിരി കൊള്ളുമ്പോഴാണ് തെക്കെ ഗോപുര നടയ്ക്ക് താഴെ നടത്തറ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് ഒറ്റപ്പെട്ടുപോയത്. അങ്കമാലി സി.ഐ ബിജോയും പൊലീസുകാരും ചേർന്ന് ഉടൻ കൺട്രോൾ റൂമിൽ വിവരം നൽകി കുട്ടിയുടെ അച്ഛനെ ബന്ധപ്പെട്ട് വിളിച്ചുവരുത്തി.
വൈഷ്ണവിന് മാത്രമല്ല, കൂട്ടം തെറ്റിയ 62 ൽ ഏറെപേർക്ക് പൊലീസ് രക്ഷയായി. പൂരം കൺട്രോൾ റൂമിൽ പ്രവർത്തിച്ച പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം വഴി വിവരം നൽകിയത് ഒട്ടേറെപ്പേർക്ക് ഗുണമായി. ആർത്തിരമ്പുന്ന ജനസഞ്ചയത്തിന് കാവലായി കമ്മിഷണറും മുഴുവൻ സമയം നിലകൊണ്ടു. തെക്കോട്ടിറക്കം, കുടമാറ്റം സമയങ്ങളിൽ വടം കെട്ടി തിരിച്ച് തിരക്ക് നിയന്ത്രിക്കുന്നത് മുതൽ ജനങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ വരെ കമ്മിഷണറുണ്ടായിരുന്നു. പൂരത്തിരക്കിനിടെ സെൽഫിയെടുക്കാനും, ഫോട്ടോ എടുക്കാനും ചിലർ കമ്മിഷണറെ തേടിയെത്തി.
3,500 പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജില്ലാ സായുധസേന അടുക്കളയിൽ പാചകം ചെയ്ത് ഉച്ചഭക്ഷണവും, രാത്രി ഭക്ഷണവും ഡ്യൂട്ടി ചെയ്യുന്ന സ്ഥലത്ത് തന്നെ കൃത്യമായി പാക്കറ്റിൽ എത്തിച്ചിരുന്നു. എല്ലാ പൊലീസുകാർക്കും കുടിവെള്ളവും നൽകി. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂരം കൺട്രോൾ റൂമിനോട് ചേർന്ന് സംഭാരവും, മധുരപാനീയവും നൽകി. ഡ്യൂട്ടിയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കെല്ലാം ജില്ലയിൽ താമസ സൗകര്യവും ഏർപ്പാടാക്കി. ബാഗുകൾക്കുള്ള നിയന്ത്രണം അറിയാതെ വിദൂര ദേശങ്ങളിൽ നിന്ന് ബാഗുകളുമായി പൂരം കാണാൻ എത്തിയവരെ പൊലീസ് ബാഗ് സൂക്ഷിപ്പ് കേന്ദ്രത്തിലേക്ക് പറഞ്ഞുവിട്ടു. തൃശൂർ മോഡൽ ഗേൾസ് സ്‌കൂളിലെ ബാഗ് സൂക്ഷിപ്പ് കേന്ദ്രത്തിൽ വൻ തിരക്കായിരുന്നു.
പൂരത്തിൽ അലിഞ്ഞ് ഐ.പി.എസ് സംഘം
ഹൈദരാബാദിൽ പരിശീലനം പൂർത്തിയാക്കി കേരള കേഡറായി പുറത്തിറങ്ങിയ ഐ.പി.എസ് അഞ്ചംഗ സംഘത്തിന് പൂരം പുതുമയുള്ള കാഴ്ചയും പരിശീലനവുമായി. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഇവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. ഐശ്വര്യ പ്രശാന്ത് ദോംഗറേ, ഹേമലത, ആർ. ആനന്ദ്, അംഗിത് അശോകൻ, വിവേക് എന്നിവരാണ് തൃശൂരിൽ പൂരം ഡ്യൂട്ടിയ്ക്കായി എത്തിയത്...