തൃശൂർ: പൂരത്തിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി പൊലീസ് പ്രശംസ പിടിച്ചുപറ്റിയെങ്കിലും കടുത്ത നിയന്ത്രണം പൂരം സംഘാടകർക്കും പൂര പ്രേമികൾക്കും അസൗകര്യങ്ങളുണ്ടാക്കിയെന്ന് പരാതി. പൂരം സംഘാടകരായിരുന്നു ഏറെ വലഞ്ഞത്. സാധാരണ സംഘാടകരുടെ വാഹനങ്ങൾ അനുവദിക്കാറുണ്ടെങ്കിലും ഇത്തവണ സ്വരാജ് റൗണ്ടിലേക്ക് അവരുടെ വാഹനങ്ങളും കടത്തിവിട്ടില്ല. ആനകൾക്കുള്ള പട്ടയും, അലങ്കാര സാമഗ്രികളും മറ്റുമായി വന്നിരുന്ന വാഹനങ്ങളും ചെണ്ടക്കാരുമായി വന്നിരുന്ന കാറുകളും ഇരുചക്ര വാഹനങ്ങൾ പോലും നഗരാതിർത്തിയിൽ പൊലീസ് തടഞ്ഞിട്ടുവെന്ന് പരാതിയുണ്ടായി.
സംഘാടകർ ദേവസ്വം ഓഫീസുകളിൽ നിന്ന് നേരിട്ട് എത്തിയാണ് അവരെ പൂരനഗരിയിലെത്തിച്ചത്. പൂരവുമായി ബന്ധപ്പെട്ടവരാണെങ്കിലും അധികാരികളുടെ ഉത്തരവിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ. പൂരം ഒരുക്കങ്ങൾ പോലും വൈകുന്നതിന് നിയന്ത്രണങ്ങൾ കാരണമാക്കിയെന്ന് ദേവസ്വം ഭാരവാഹികൾ പരാതിപ്പെട്ടു. വാഹനമില്ലാത്തിടത്തൊക്കെ നടന്നും ഓടിയും സംഘാടകർ വലഞ്ഞു.
രാത്രി പൂരത്തിനെത്തിയ ജനങ്ങളും പൊലീസ് നിരോധനത്തിൽ വീർപ്പുമുട്ടി. വെടിക്കെട്ടിന് 100 മീറ്റർ പരിധി നിശ്ചയിച്ച് സ്വരാജ് റൗണ്ടിൽ നിന്നും ജനങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം പൂരം എഴുന്നള്ളിപ്പ് സമയത്ത് തന്നെ പൊലീസ് നടപ്പാക്കിയെന്നായിരുന്നു പ്രധാനപരാതി. പാറമേക്കാവ്, തിരുവമ്പാടി രാത്രിപൂരങ്ങൾ സ്വരാജ് റൗണ്ട് വഴിയാണ് എഴുന്നള്ളിക്കുന്നത്. ഈ സമയം റൗണ്ടിലേക്കുള്ള എല്ലാ പ്രവേശന മാർഗ്ഗങ്ങളും പൊലീസ് അടച്ചുകെട്ടി പൂർണ്ണ സുരക്ഷയിലാക്കി.
ഇതുമൂലം സ്വരാജ് റൗണ്ടിൽ പൂരം ആസ്വദിക്കാൻ ജനങ്ങൾക്കായില്ല. സംഘാടകരും കുറച്ച് കാഴ്ചക്കാരുമായി എഴുന്നെള്ളിപ്പ് നടത്തേണ്ടി വന്നു. കഴിഞ്ഞവർഷം എഴുന്നള്ളിപ്പ് കഴിഞ്ഞായിരുന്നു വെടിക്കെട്ടിനായി സ്വരാജ് റൗണ്ടിൽ നിന്നും ജനങ്ങളെ ഒഴിവാക്കിയത്. ഇത് പൊലീസിന് പ്രായോഗിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഒടുവിൽ പലയിടത്തും റൗണ്ടിൽ ആളുകളെ അനുവദിക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പൂരത്തിന് തന്നെ ആളെ ഒഴിവാക്കി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നേരത്തെ പ്രഖ്യാപിച്ചത് പോലെ ബിനി ടൂറിസ്റ്റ് ഹോം മുതൽ പടിഞ്ഞാറെ പ്രദക്ഷിണ വഴിയിലും തെക്കേ പ്രദക്ഷിണ വഴിയിൽ എം.ഒ റോഡ് ജംഗ്ഷൻ വരെയും ജനങ്ങളെ പൂർണ്ണമായും ഒഴിവാക്കി.
ഈ ഭാഗത്ത് കെട്ടിടങ്ങളിലും ജനങ്ങളെ അനുവദിച്ചില്ല. പൂരത്തിന്റെയും വെടിക്കെട്ടിന്റെയും ആസ്വാദനത്തിന് ഏറ്റവും ആകർഷകമായും ഏറെ ജനങ്ങൾ നിൽക്കുന്നതുമായിരുന്ന പ്രദേശത്ത് പൂരപ്രേമികൾക്ക് എത്താനായില്ല. തിരുവമ്പാടി വെടിക്കെട്ട് പൂർത്തിയായ ശേഷം പാറമേക്കാവിന്റെ വെടിക്കെട്ടിന് തീകൊളുത്തേണ്ടതായിരുന്നുവെങ്കിലും മണികണ്ഠനാൽ ജംഗ്ഷനിലെ കോർപറേഷൻ വക തേറാട്ടിൽ ബിൽഡിംഗിൽ കയറി നിന്നിരുന്ന ജനങ്ങളെ ഒഴിവാക്കിയ ശേഷം മാത്രമേ പാറമേക്കാവിന് തീ കൊളുത്താൻ അനുമതി നൽകാനാകൂ എന്ന നിലപാടിലായിരുന്നു പൊലീസ്.