ചാലക്കുടി: സൗത്ത് ചാലക്കുടിയിലെ ഇറിഗേഷൻ കനാൽ വൃത്തിയാക്കൽ ആരംഭിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പ്രദേശം വരെയുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായിരുന്ന കണ്ണംകുളത്തേക്ക് വെള്ളം എത്തിക്കുന്നതിനാണ് നടപടി. വെട്ടുകടവ് കപ്പേള മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ കനാലിൽ അടിഞ്ഞു കൂടിക്കിടക്കുന്ന ചെളിമാറ്റലിനാണ് തുടക്കമായത്.

നാലു ദിവസത്തിനകം കനാലിലെ മണ്ണും അഴുക്കും മൊത്തമായി നീക്കം ചെയ്യുമെന്ന് നഗരസഭാ അധികൃതർ നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിന് സാദ്ധ്യതയില്ല. ഗോൾഡൻ നഗറിലെ കണ്ണംകുളത്തിലേക്ക് വെള്ളം എത്തിക്കുക എന്ന ലക്ഷ്യമാണ് മൂന്നു പതിറ്റാണ്ടായി നശിച്ചു കിടക്കുന്ന കനാൽ വലൃത്തിയാക്കലിന്റെ പിന്നിലുള്ളത്. ഇതിന്റെ മുന്നോടിയായി കുളം നവീകരണം പൂർത്തിയാകുകയാണ്.

കനാലിൽ വൻ തോതിൽ മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ട്. ഇവയെല്ലാം കോരി മാറ്റണമെങ്കിൽ കൂടുതൽ ദിവസം വേണം. ഇതിനു പുറമെ വെട്ടുകടവ് ഭാഗത്തെ വലിയ കനാൽ വൃത്തിയാക്കൽ ഭഗീരഥ പ്രയത്‌നവുമാകും. ചേരിയിലെ കാനയിലേക്ക് വ്യാപിച്ചു കിടക്കുന്ന വീടിന്റെ ഭാഗങ്ങളും നവീകരണത്തിന് തടസമാണ്. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കനാലിലൂടെ വിടുന്ന വെള്ളം വെട്ടുകവ് കപ്പേള പരിസരത്തു നിന്നും താഴേക്കുള്ള ഒഴുക്ക് നിലച്ചിട്ട് വർഷങ്ങളായി. ഇതോടെ കനാൽ അഴുക്കുചാലായി മാറുകയും ചെയ്തു.

സൗത്ത് ജംഗ്ഷനിലെ ദേശീയ മേൽപ്പാല നിർമ്മാണവും ഇതിനടിയിലൂടെയുള്ള കനാലിന്റെ പ്രയാണത്തിന് തടസമായി. ഈ പ്രശ്‌നവും പരിഹരിക്കും. കനാലിലെ അനധികൃത കൈയ്യേറ്റങ്ങളും പൊളിച്ചു മാറ്റുമെന്നും സ്ഥലത്തെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് നൽകിയിട്ടുണ്ട്. എന്തു തന്നെയായാലും ഉടൻ കണ്ണംകുളത്തിലേക്ക് എത്രയും വേഗം വെള്ളം എത്തിക്കാനാകുമെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പറഞ്ഞു.