ചാലക്കുടി: നഗരത്തിലെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് നഗരസഭ കൈക്കൊണ്ട തീരുമാനത്തിൽ വ്യാപാരികളുടെ പൂർണ്ണ പിന്തുണ. മെയിൻ റോഡിലെ അനധികൃത പാർക്കിംഗ് നിയന്തിക്കുന്നത് അടക്കമുള്ള തീരുമാനത്തിനാണ് മർച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായ സമിതിയും പിന്തുണ അറിയിച്ചിരിക്കുന്നത്.

സൗത്ത് ജംഗ്ഷൻ മുതൽ പള്ളി ബസ് സ്റ്റോപ്പ് വരെ റോഡിന്റെ ഇരുഭാഗത്തുമുള്ള വാഹന പാർക്കിംഗ് തിങ്കളാഴ്ച മുതൽ ഇല്ലാതാക്കാനാണ് കഴിഞ്ഞ ദിവസം നഗരസഭ വിളിച്ചുചേർത്ത ബസുടമകളുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനിച്ചത്. കോ - ഓപ് ടെക്‌സ് സ്റ്റോപ്പ് മുതൽ മിനർവ ബേക്കറി വരെയുള്ള റോഡിൽ പടിഞ്ഞാറെ ഭാഗത്തെ പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.

പാർക്കിംഗ് നിരോധനം സൂചിപ്പിച്ച് പ്രസ്തുത സ്ഥലങ്ങളിൽ വയ്ക്കുന്ന ബോർഡുകളുടെ ചെലവുകൾ മർച്ചന്റ്സ് അസോസിയേഷൻ വഹിക്കും. ദേശീയ പാതയിലെ അടിപ്പാത നിർമ്മാണാർത്ഥം മുനിസിപ്പൽ ജംഗ്ഷനിൽ വാഹനങ്ങൾക്ക് മുറിഞ്ഞു കടക്കാനുള്ള സൗകര്യം ഇല്ലാതാക്കിയത് റെയിൽവേ സ്റ്റേഷൻ റോഡിലെ വ്യാപാരികൾക്ക് ഇരുട്ടടിയായി.

മാളയിലേക്കുള്ള ബസുകൾ പോസ്റ്റ് ഓഫീസ് റോഡ് കൂടി വരാത്തതാണ് കച്ചവടക്കാരെ നട്ടം തിരിക്കുന്നത്. ഈ പ്രതിസന്ധിയും ഇതോടൊപ്പം സംജാതമായ ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് വ്യാപാരി പ്രതിനിധികൾ പ്രശ്‌നത്തിൽ ഇടപെട്ടത്. തിങ്കളാഴ്ച മുതൽ മാളയിലേക്ക് പോകുന്ന ബസുകൾ പോസ്റ്റ് ഓഫീസ് റോഡ് വഴി പോക്കുവരവ് നടത്തണമെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. ബസുടമാ സംഘത്തിന്റെ ഭൂരിപക്ഷം പേരും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്.