ചാവക്കാട്: ചേറ്റുവ പാലത്തിനടുത്ത് ടോൾ ബൂത്ത് നിലനിന്നിരുന്ന സ്ഥലത്തെ കോൺക്രീറ്റ് ഡിവൈഡർ പൊളിച്ചു നീക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് എസ്‌കവേറ്റർ ഉപയോഗിച്ച് ഡിവൈഡർ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും കോൺക്രീറ്റിന്റെ ഉറപ്പു മൂലം അതിനു കഴിഞ്ഞില്ല. അതോടെ എസ്‌കവേറ്റർ വൈകുന്നേരമായതോടെ തിരിച്ചു കൊണ്ടുപോയി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി നാഷണൽ ഹൈവേ ചീഫ് എൻജിനിയർ അടക്കമുള്ളവർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഡർ അടിയന്തരമായി പൊളിക്കാൻ തീരുമാനിച്ചത്. 30 വർഷം മുമ്പ് നിർമിച്ച കോൺക്രീറ്റ് ഡിവൈഡർ പൊളിച്ചു നീക്കുന്നതിനാവശ്യമായ ശ്രമങ്ങൾ ദേശീയപാതാ അധികൃതരുമായി ബന്ധപ്പെട്ട് തുടരുമെന്ന് എം.എ. അബുബക്കർ ഹാജി കേരളകൗമുദിയോട് പറഞ്ഞു.