വടക്കാഞ്ചേരി: ഉരുൾപൊട്ടലിൽ തകർന്ന കുറാഞ്ചേരിയിലെ ദുരന്തഭൂമിയിൽ പുതിയ കാന നിർമ്മാണം തുടങ്ങി. 300 മീറ്റർ നീളത്തിലും, ഒന്നര മീറ്റർ ആഴത്തിലുമാണ് കാന നിർമ്മിക്കുന്നത്. വർഷകാലത്ത് മലയിൽ നിന്ന് ഒലിച്ചിറങ്ങിയെത്തുന്ന വെള്ളം സുഗമമായി ഒഴുക്കി വിടുകയാണ് കാന കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരം കാനയുടെ അഭാവം മൂലമാണ് കഴിഞ്ഞ ആഗസ്റ്റിൽ ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ നാശനഷ്ടങ്ങൾ കൂടാൻ കാരണമായതെന്ന് സ്ഥലം സന്ദർശിച്ച് പഠനം നടത്തിയ വിദഗ്ദ്ധ സംഘം അഭിപ്രായപ്പെട്ടിരുന്നു.
വിദഗ്ദ്ധ സംഘത്തിന്റെ പഠന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ മന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരമാണ് കാന നിർമ്മാണം പുരോഗമിക്കുന്നത്. തെക്കുംകര പഞ്ചായത്ത് കുത്തുപാറ 14-ാം വാർഡ്തല ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കാന നിർമ്മിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽ കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫറൂക്ക്, എ.ഡി.എസ് സെക്രട്ടറി സ്റ്റെല്ല പോൾ, ശുചിത്വ സമിതി ഭാരവാഹികളായ സിന്ധു രാജീവ്, അനിത കണ്ണൻ എന്നിവരും പങ്കാളികളായി. ഉരുൾപൊട്ടലിൽ തകർന്ന കുറാഞ്ചേരി കുത്തുപാറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്.