പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവിൽ താലപ്പൊലിയോട് അനുബന്ധിച്ച് നടന്ന കൊട്ടിയകം കൊള്ളൽ ചടങ്ങ് ഭക്തിനിർഭരമായി. ചടങ്ങുകളുടെ മുഖ്യ കർമ്മികളായ ചോപ്പൻമാർ വടക്കേ മുല്ലയ്ക്കലിൽ നിന്നും തെക്കെ മുല്ലയ്ക്കലിൽ നിന്നും ഭഗവതിയെ ഭക്തി നിർഭരമായി ആവാഹിച്ച് ഭഗവതിയുടെ മൂലസ്ഥാനമായ വേലംപ്ലാക്കിലെത്തി അവിടെ നിന്നും കോമരങ്ങളുടെയും ദേശക്കാരുടെയും അകമ്പടിയോടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ കൊട്ടേക്കാട്ടുകാവിലെ കളപ്പുരയിൽ പാട്ടും കൊട്ടികയറി ഭഗവതി കുടിയിരുത്തുന്ന ചടങ്ങാണ് ഇത്. തുടർന്ന് വിത്തളവ്, കളം എഴുത്ത്, കളംപൂജ നടക്കും. സാംസ്‌കാരിക പരിപാടിയിൽ തിരുവില്വാമല വില്വാദ്രികലാക്ഷേത്രം കലാമണ്ഡലം രാധാമണിയുടെ സംവിധാനത്തിൽ നൃത്തനൃത്ത്യങ്ങൾ അരങ്ങേറി. ബുധനാഴ്ച ഭഗവതിപ്പാട്ട് നടക്കും.
വ്യാഴാഴ്ച ദേശക്കളം, രാവിലെ പത്തിന് വിത്തളവ്, വൈകിട്ട് ആറിന് ഗുരുപൂജ, കളമെഴുത്ത് പൂജ, കളത്തിൽ കളി എന്നിവ നടക്കും. വൈകിട്ട് ഏഴിന് ഷൊർണൂർ കലാ സോപാനം അവതരിപ്പിക്കുന്ന ഇടയ്ക്ക പഞ്ചവാദ്യം നടക്കും.17 ന് താലപ്പൊലി ആഘോഷിക്കും.