ഇരിങ്ങാലക്കുട : താന്ത്രിക ചടങ്ങുകളാൽ പവിത്രമായ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇന്നലെ രാത്രി 8നും 8.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറി. തന്ത്രി നഗരമണ്ണ് ത്രിവിക്രൻ നമ്പൂതിരി കൊടിയേറ്റ കർമ്മം നിർവഹിച്ചു. താന്ത്രിക ചടങ്ങുകളുടെ ഭാഗമായി ഇന്നലെ രാവിലെ 5.30ന് മണ്ഡപ നമസ്‌കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പത്മമിട്ട് ഒരുക്കി കുംഭേശകർക്കരി പൂജ ചെയ്തു.

ഹോമകുണ്ഡത്തിൽ അധിവാസഹോമം നടത്തി ദർഭാഗ്രത്തിന്റെയും അക്ഷതത്തിന്റെയും മീതെ കലശക്കുടങ്ങൾ നിരത്തി. പതിനേഴ് ദേവതകളെ ആവാഹിച്ച് അതാത് ഖണ്ഡങ്ങളിലെ ബ്രഹ്മകലശങ്ങളും പരികലശങ്ങളും നിറച്ച് പൂജിച്ചു. മദ്ധ്യത്തിലെ അഷ്ടദള പത്മത്തിൽ സ്വർണ്ണക്കലശക്കുടത്തിൽ പശുവിൻ നെയ്യ് നിറച്ച് ബ്രഹ്മകലശം പൂജിച്ചു. മറ്റ് ഖണ്ഡകലശത്തിൽ പാദ്യം, ആർഘ്യം, ആചമനീയം, പഞ്ചഗവ്യം, നെയ്യ്, തൈര്, പാല്, തേൻ, കഷായം എന്നിവയും ചുറ്റുമുള്ള പരികലശങ്ങളിൽ വരുണദേവനെ ആവാഹിച്ച് പൂജിച്ച ശുദ്ധജലമാണ് നിറച്ചത്.

ഈ കലശങ്ങളിൽ അധിവാസ ഹോമത്തിന്റെ സമ്പാദം സ്പർശിച്ച് ദർഭപുല്ലുകൊണ്ട് മൂടിവെയ്ക്കും. ഈ കലശങ്ങളാണ് അതാത് ദിവസങ്ങളിൽ ഉച്ചപൂജയ്ക്ക് സംഗമേശന് അഭിഷേകം ചെയ്യുക. കൊടിയേറ്റ ദിവസം ഉൾപ്പെടെ ആറാട്ടു ദിവസം ഒഴികെ പതിനൊന്ന് ദിവസങ്ങളിലും ഇപ്രകാരം നിത്യേനെ രാവിലെ കലശപ്പൂജകൾ ചെയ്ത് ഉച്ചയ്ക്ക് അവ അഭിഷേകം ചെയ്യും.

കൊടിയേറ്റ ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച് ഇന്നലെ വൈകീട്ട് ഏഴിന് ആചര്യവരണം നടന്നു. ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകൾ ഭംഗിയായി യഥാവിധി നടത്തുന്നതിന് യോഗ്യരായ ആചാര്യനെ വരിക്കുന്ന ചടങ്ങാണ് ഇത്. കുളമണ്ണിൽ മൂസ് കൂറയും പവിത്രവും ആചാര്യന് കൈമാറി. നഗരമണ്ണ്, തരണനെല്ലൂർ, അണിമംഗലം എന്നീ തന്ത്രി കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് കൂറയും പവിത്രവും നൽകുക. തുടർന്ന് കൊടിയേറ്റത്തിനുള്ള ക്രിയകൾ ആരംഭിച്ചു. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച് പാണികൊട്ടി വാഹനത്തെയും മറ്റും ആവാഹിച്ച കൊടിക്കൂറ, കൂർച്ചം, മണി, മാല എന്നിവ കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ച ശേഷം കൊടിമരം പൂജിച്ചതിന് ശേഷം മംഗളധ്വനികളോടെ തന്ത്രി നഗരമണ്ണ് കൊടിയേറ്റ് നടത്തി. തുടർന്ന് അത്താഴപൂജ നടന്നു. കൊടിയേറ്റിയ ഉടൻ തന്നെ കൂത്തമ്പലത്തിൽ നിന്നും മിഴാവൊലി ഉയർന്നു. ഇന്ന് കൊടിപ്പുറത്ത് വിളക്ക് നടക്കും.