തൃശൂർ: നെയ്യാറ്റിൻകരയിൽ അമ്മയെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്ക് മാനേജർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കടക്കെണി മരണവാറണ്ടാകരുതെന്നും ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ടി.വി.ബാബു. പ്രളയത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച വായ്പകൾക്കുള്ള മൊറോട്ടോറിയം എന്ന നയപരമായ തീരുമാനം ബാങ്ക് അധികൃതർ അവഗണിച്ചതിന് സമാധാനം പറയിക്കണം. സർഫാസി നിയമത്തിന്റെ ഊരാക്കുടുക്കുകളെ സംബന്ധിച്ച് സാധുക്കളായ സാധാരണക്കാർ അജ്ഞരാണ്.

വൺ ടൈം സെറ്റിൽമെന്റിലോ, സിവിൽ വ്യവഹാരത്തിലൂടെയോ ഭീകരമായ കൂട്ടുപലിശയും പിഴപ്പലിശയും ചേർന്ന തുക, എടുത്ത തുകയുടെ രണ്ടിരട്ടിയായാലും എടുത്ത തുകയും അത്ര തന്നെ തുക പലിശ ബാദ്ധ്യതയായും ഒന്നിച്ച് അടച്ചാൽ ബാദ്ധ്യത ഒഴിവാക്കാറുണ്ട്. ഈ അവസരം ജപ്തി നേരിടുന്നവർക്ക് ഓപ്പണായി ലഭ്യമാക്കണം. ജപ്തി നേരിടുന്നവരെ അപമാനിക്കാനും ഭയപ്പെടുത്താനും ശ്രമിക്കുന്ന ബാങ്ക് അധികൃതർ കടക്കെണിയിൽപെട്ടവരെ ചൂഷകർക്ക് ഒറ്റുകൊടുത്ത് കമ്മിഷൻ അടിക്കുന്നവരാണ്. ദുർബലരെ സഹായിക്കേണ്ട ധനകാര്യ ഇടപാടുകാർ കൊള്ളക്കാരായി മാറുന്നിടത്തെല്ലാം സാധുക്കളുടെ കുഴിമാടങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.