തൃശൂർ: തൃശൂരിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർവഹിച്ചു. നോർത്ത് സോൺ എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ്, സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ്ചന്ദ്ര, റൂറൽ എസ്.പി കെ.പി വിജയകുമാർ, അഡിഷണൽ കമ്മിഷണർ ഒഫ് പൊലീസ് എം.സി ദേവസ്യ, തൃശൂർ എ.സി.പി വി.കെ. രാജു, ജില്ലാ സ്‌പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷംസുദ്ധീൻ എന്നിവർ പങ്കെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ സി. ശിവപ്രസാദിനാണ് ജില്ലാ സൈബർ സ്റ്റേഷൻ ചുമതല. എ.എസ്.ഐ സുനിൽ, 15 വിദഗ്ദ്ധ പരിശീലനം കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരാണ് സൈബ്രർ ക്രൈം സ്‌ക്വാഡിലുള്ളത്.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രമാദമായ സൈബർ കുറ്റകൃത്യങ്ങളെല്ലാം ഇനി സൈബർ സ്റ്റേഷൻ വഴി അന്വേഷിക്കും. ആധുനിക സജ്ജീകരണങ്ങളും, അത്യാധുനിക കമ്പ്യൂട്ടറുകളും ഇവിടെയുണ്ട്. സംസ്ഥാനത്തെ നാലു റേഞ്ചുകളിലാണ് സൈബർ സ്റ്റേഷൻ വരുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ഉദ്ഘാടനം പൂർത്തിയായി. ഇനി കോഴിക്കോട് മാത്രമാണ് പൂർത്തിയാകാനുള്ളത്.