തൃശൂർ: പൂരം കഴിഞ്ഞശേഷം തേക്കിൻകാട്ടിലെ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ വടക്കുന്നാഥനിലെ കൊക്കർണി പറമ്പിനോട് ചേർന്ന് കുഴികുത്തി മൂടാനുള്ള ശ്രമം ഹിന്ദു ഐക്യവേദി തടഞ്ഞതോടെ മാലിന്യ നീക്കാനുളള ശ്രമം ഉപേക്ഷിച്ച് കോർപറേഷൻ. ഇതോടെ മാലിന്യം നീക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയില്ല.
ഹൈക്കോടതി അംഗീകാരത്തോടെ ദേവസ്വം ബോർഡും നഗരസഭയും കൈമാറിയ കരാർ വ്യവസ്ഥ അനുസരിച്ച് ഏറ്റെടുത്ത തേക്കിൻകാട് ശുചീകരണ ചുമതലകളിൽ നിന്നും കോർപറേഷൻ പിൻമാറിയെന്ന ആക്ഷേപവും ശക്തമായി. അതേസമയം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ തേക്കിൻകാട് ശുചീകരണം നടത്തിയിരുന്ന കുടുംബശ്രീ പ്രവർത്തകർ ക്ഷേത്രനടകളുടെ മാത്രം ശുചീകരണം നടത്തി. വടക്കുന്നാഥൻ ക്ഷേത്ര ഉപദേശക സമിതിയുടെ ചെലവിലാണ് ശുചീകരണം.
കൊക്കർണി പറമ്പിൽ മാലിന്യം നിക്ഷേപിക്കുന്നത് ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞുവെന്നാരോപിച്ചാണ് കോർപ്പറേഷൻ ശുചീകരണ ബാദ്ധ്യതയിൽ നിന്നും പിൻവാങ്ങിയത്. കൊക്കർണി പറമ്പിൽ നിക്ഷേപിച്ച മാലിന്യം അവിടെ നിന്ന് ഇന്നലെ നീക്കം ചെയ്യാമെന്ന് മേയർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. കോർപറേഷന്റെ മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങളും അവിടെ കിടക്കുകയാണ്. മാലിന്യം നീക്കം ചെയ്യാതെ വാഹനങ്ങൾ കൊണ്ടു പോകാൻ സമ്മതിക്കില്ലെന്ന നിലപാടാണ് ഹിന്ദു ഐക്യവേദിയുടേത്.
പൂരം പ്രത്യേക ശുചീകരണത്തിന് എല്ലാവർഷം കോർപ്പറേഷൻ പ്രത്യേക സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്. കോർപറേഷന്റെ ശുചീകരണ തൊഴിലാളികളെ മുഴുവൻ ഏകോപിപ്പിച്ചുള്ള ശുചീകരണമാണ് നടത്തിവന്നിരുന്നത്. ഇതനുസരിച്ച് ഇന്നലെ നഗരസഭയുടെ 250ഓളം തൊഴിലാളികൾ ശുചീകരണം തുടങ്ങിയിരുന്നു. മാലിന്യങ്ങൾ തേക്കിൻകാട്ടിൽ കുഴിച്ചുമൂടാറില്ല. നെഹ്‌റു പാർക്കിൽ ഇതിനായി സംവിധാനം ഒരുക്കാറുണ്ടായിരുന്നു. പാർക്ക് നവീകരണത്തിൽ സ്ഥലം നഷ്ടപ്പെട്ടതിനാൽ കൊക്കർണി പറമ്പിൽ മാലിന്യം തട്ടാൻ ദേവസ്വം ബോർഡുമായി ധാരണയായി. എന്നാൽ ആനപ്പട്ടയും ആന പിണ്ഡവും മാത്രമേ നിക്ഷേപിക്കൂ എന്നു നിഷ്‌കർഷിച്ചിരുന്നുവെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി. കൊക്കർണി പറമ്പിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ നിക്ഷേപിച്ചത് ഉടൻ നീക്കം ചെയ്യണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കോർപറേഷനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കത്ത് കോർപറേഷൻ സെക്രട്ടറിക്ക് നൽകി.
എല്ലാം ചർച്ചയ്ക്ക് ശേഷം
മാലിന്യവിഷയത്തിൽ ഹിന്ദു ഐക്യവേദിയാണ് പ്രശ്‌നം ഉണ്ടാക്കിയത്. അവിടെ ഭക്ഷണ സാധനങ്ങൾ ഇടാൻ നിർദ്ദേശം നൽകിയിട്ടില്ല. അങ്ങനെ ഉദ്യോഗസ്ഥരോ തൊഴിലാളികളോ ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും. പ്രശ്‌നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും ദേവസ്വം ബോർഡിനും കത്ത് നൽകിയിട്ടുണ്ട്. അതിന് ശേഷമേ അവിടത്തെ മാലിന്യം നീക്കുന്നത് തീരുമാനിക്കുകയുള്ളൂ.
(മേയർ അജിതാ വിജയൻ)
മാലിന്യം നിക്ഷേപിച്ചത് അംഗീകരിക്കാനാവില്ല
കൊക്കർണി പറമ്പിനോട് ചേർന്ന് മാലിന്യം നിക്ഷേപിച്ച നടപടി അംഗീകരിക്കാനാവില്ല. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവുമാണ് നിറച്ചിരിക്കുന്നത്. ഇത് മാറ്റാൻ നടപടി ഉണ്ടാകണം. പൂരം കഴിഞ്ഞുള്ള മാലിന്യം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
( എം.എസ്. സമ്പൂർണ്ണ, ഡിവിഷൻ കൗൺസിലർ)
പൊലീസ് അന്വേഷണം നടത്തണം
കൊക്കർണി പറമ്പിൽ മാലിന്യത്തോടൊപ്പം മുട്ടത്തോടുകൾ എത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണം. കോർപറേഷൻ തട്ടിയ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും, തേക്കിൻകാട് ശുചീകരണ ബാദ്ധ്യത കോർപ്പറേഷൻ നിർവഹിക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
(പങ്കജാക്ഷൻ, വടക്കുന്നാഥൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്)..