തൃശൂർ: ബാലഭവൻ സ്ഥിരം ജീവനക്കാർക്ക് എപ്രിൽ മാസത്തെ ശമ്പളം ലഭിച്ചില്ല. അര മാസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തത് ജില്ലാ കളക്ടർ കൂടിയായ ചെയർമാൻ ഫയലിൽ ഒപ്പിടാത്തത് മൂലമാണെന്നാണ് ആക്ഷേപം. പ്രതിമാസം ആദ്യ ദിനങ്ങളിൽ എട്ട് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരും അടങ്ങുന്ന പത്ത് പേർക്ക് ശമ്പളം ലഭിച്ചിരുന്നു. സർക്കാർ ഗ്രാന്റായി നൽകുന്ന തുകയിൽ നിന്നാണ് ഇവർക്കുള്ള വേതനം. ഇക്കുറി സർക്കാർ അഞ്ച് ലക്ഷത്തിൽ താഴെ തുക അനുവദിച്ചുവെങ്കിലും പണമില്ലാത്തതിനാൽ ഇതുവരെ നൽകാനായില്ല.
സർക്കാർ പണം ലഭിക്കുന്നത് വൈകാനിടയുള്ളതിനാൽ ബാലഭവൻ ഭരണസമിതി ഓൺഫണ്ടിൽ നിന്നും തുക വിനിയോഗിക്കുവാനും ഗ്രാന്റ് ലഭിക്കുന്നതോടെ അത് തിരിച്ചെടുക്കുവാനും തീരുമാനിച്ചു. എക്‌സ്‌ക്യൂട്ടീവ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴിന് ചെയർമാനായ ജില്ലാ കളക്ടർ കത്തെഴുതി. പണം നൽകുന്നതിന് പ്രശ്‌നമില്ലെന്ന് ഫിനാൻസ് ഓഫീസർ നൽകിയ കുറിപ്പോടെ എട്ടിന് കളക്ടറുടെ മേശപ്പുറത്ത് എത്തിയ കത്തിൽ ഇതുവരെ ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് പറയുന്നു.
അതിനിടെ പൂരത്തിന് മുമ്പ് ശമ്പളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അധികൃതർ ബന്ധെപ്പട്ടപ്പോൾ വിഷയം പഠിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ബന്ധപ്പെട്ടവരെ കാണാതെ ഒപ്പിടാനാവില്ലെന്നും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടറെ കാണാൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അടക്കമുള്ളവർ പോയെങ്കിലും പൂരവുമായി ബന്ധപ്പെട്ട് അവർ തിരക്കിലായതിനാൽ കാണാതെ തിരിച്ചുപോന്നു. പൂരം കഴിഞ്ഞ് ഇന്നലെ കളക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോൾ അവർ ചെന്നൈയിലേക്ക് പോയി എന്ന മറുപടിയാണ് ലഭിച്ചത്. വേനൽക്കൂടാരം അടക്കം അവധിക്കാല ക്യാമ്പിൽ 1,200 കുട്ടികൾ നിലവിൽ അവിടെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അരമാസം കഴിഞ്ഞിട്ടും വേതനം കിട്ടാത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി രംഗത്തെത്തുന്നതിന് ഒരുങ്ങുകയാണ് ജീവനക്കാർ.