കൊടകര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവ് 2019ന്റെ ഭാഗമായി ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റത്തൂർ ചെമ്പുച്ചിറ ഗവ. ഹൈസ്‌കൂളിൽ ജൂൺ മൂന്നിന് രാവിലെ പത്തിനാണ് പരിപാടി. ഉദ്ഘാടനത്തിന്റെ സംസ്ഥാന തല സംഘാടക സമിതി രൂപീകരണ യോഗം ശനിയാഴ്ച രാവിലെ 11ന് സ്‌കൂളിൽ ചേരും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും.
സംഘാടക സമിതി യോഗത്തിന് മുന്നോടിയായുള്ള ആലോചനാ യോഗത്തിൽ തൃശൂർ ഡി.ഡി.ഇ: എ.കെ. അരവിന്ദാക്ഷൻ, എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ പ്രകാശ് ബാബു, ജില്ലാ പ്രോജക്ട് ഓഫിസർ ബിന്ദു പരമേശ്വരൻ, പൊതു വിദ്യാഭ്യാസ സംരക്ഷണം ജില്ലാ കോ- ഓർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, ബ്ലോക്ക് പ്രോജക്ട് ഓഫിസർ കെ. നന്ദകുമാർ എന്നിവരും പിടിഎ, എം.പി.ടി.എ, എസ്.എം.സി, ഒ.എസ്.എ, സ്‌കൂൾ വികസന സമിതി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.