തൃശൂർ: കേരളത്തിലെ ആശാപ്രവർത്തകർക്ക് നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സി.കെ. വിശാലത്തിന് ഒന്നാം സ്ഥാനം. 'സാർവത്രികാരോഗ്യം സാധ്യമാക്കൽ: പ്രതിബന്ധങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിലാണ് സമ്മാനാർഹയായത്. കാസർകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ വി. ശ്രീജ രണ്ടും തിരുവനന്തപുരം പുല്ലംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ എ. സഫീനബീവി മൂന്നും സ്ഥാനം നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,000, 15,000, 10,000 എന്നിങ്ങനെ കാഷ് അവാർഡ് നൽകും.

തൃശൂർ ആസ്ഥാനമായ കെ.വി. അബ്ദുൾ അസീസ് അനുസ്മരണവേദി, ടി.എൽ.എഫ്. മെഡിക്കൽ സൊസൈറ്റി, ചികിത്സാനീതി, ദയ ആശുപത്രി എന്നിവർ ചേർന്നാണ് മത്സരം നടത്തിയത്. ജൂൺ 15ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന 'ആരോഗ്യരംഗത്തെ പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ വിവക്ഷകൾ' സെമിനാറിൽ സമ്മാനദാനം നടത്തും. മന്തി കെ.കെ. ശൈലജ, ഡോ. ബി. ഇക്ബാൽ, കേരള അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) രാജീവ് സദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ദയ ആശുപത്രി എം.ഡി. ഡോ. വി.കെ. അബ്ദുൾ അസീസ്, ടി.എൽ.എഫ്. മെഡിക്കൽ സൊസൈറ്റി സെക്രട്ടറി കെ. രാധാകൃഷ്ണൻ, കെ.വി. അബ്ദുൾ അസീസ് അനുസ്മരണവേദി സെക്രട്ടറി എം.എച്ച്. മുഹമ്മദ് ബഷീർ, ചികിത്സാനീതി നിർവാഹകസമിതിയംഗം ചന്ദ്രതാര, ഡോ. സി.കെ. ബ്രഹ്മപുത്രൻ എന്നിവർ പങ്കെടുത്തു.