ഗുരുവായൂർ: സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആഘോഷങ്ങളുടെ പത്ത് ശതമാനം വിഹിതം കാരുണ്യ പ്രവൃത്തികൾക്കായി മാറ്റിവച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കുന്ന തിരുകർമങ്ങൾക്ക് പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ ഫാ. വർഗീസ് കരിപ്പേരി കാർമ്മികനാവും. തുടർന്ന് ദീപാലങ്കാര സ്വിച്ച് ഓൺ ശനിയാഴ്ച രാവിലെ 6.15ന് ഫാ. വർഗീസ് കാക്കശേരിയുടെ കാർമ്മികത്വത്തിൽ ദിവ്യബലി, അമ്പ്, വള വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, രാത്രി പത്തിന് അമ്പ്, വള എഴുന്നള്ളിപ്പുകളുടെ സമാപനവും മെഗാ ബാൻഡ് മേളവും നടക്കും.
ഞായറാഴ്ച രാവിലെ 10.30ന് തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂർ മുഖ്യകാർമ്മികനാവും. അതിരൂപതാ ചാൻസലർ ഫാ. മാത്യു കുറ്റിക്കോട്ടയിൽ സന്ദേശം നൽകും. വൈകീട്ട് നാലിന് ഫാ. ജിൻസൻ ചിരിയങ്കണ്ടത്തിന്റെ കാർമ്മികത്വത്തിലുള്ള ദിവ്യബലി, പ്രദക്ഷിണം. വൈകീട്ട് ഏഴിന് ഗാനമേള എന്നിവയും തിങ്കളാഴ്ച രാവിലെ 6.30ന് ഫാ. സെബി ചിറ്റിലപ്പിള്ളിയുടെ മുഖ്യകാർമികത്വത്തിൽ റാസ കുർബാന. തിരുനാളാഘോഷത്തിന്റെ പത്ത് ശതമാനം ജീവകാരുണ്യത്തിനായി മാറ്റിവച്ചതിന്റെ ഭാഗമായി വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാൾ ആഘോഷിക്കുന്ന ജൂൺ 13ന് ജൂബിലി മെഡിക്കൽ കോളജിൽ നടക്കുന്ന ഡയാലിസിസുകളുടെ ചിലവ് ഇടവക വഹിക്കും.
ഇതിനുള്ള ഫണ്ട് മേയ് 26ന് എട്ടാമിടനാളിൽ നടക്കുന്ന ചടങ്ങിൽ ജൂബിലി മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടിജോ മുള്ളക്കരക്ക് കൈമാറും. എട്ടാമിട നാളിൽ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്യും. അർഹരായ രോഗികളുടെ തുടർ ചികിത്സക്ക് സഹായവും നൽകും. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ എൻ.കെ. ലോറൻസ്, വി.പി. തോമസ്, ജോർജ് പോൾ, പി.ജെ. ക്രിസ്റ്റഫർ, ജനറൽ കൺവീനർ വി.പി. തോമസ്, വി.വി. ജോസ്, ടി.കെ. ജോഷി മോഹൻ, ജോൺ ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.