മാള: കുതിരപ്പുറത്തുള്ള സാഹസിക യാത്രയോടെ താരമായ കൃഷ്ണയ്ക്ക് പൊലീസ് വാഹനത്തിൽ മുൻ സീറ്റിലിരുന്ന് സവാരിക്കും നിയോഗം ലഭിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അതിഥിയായാണ് കൃഷ്ണ വീട്ടിൽ നിന്ന് യാത്ര തിരിച്ചത്. മുൻകൂട്ടി അറിയിച്ചതനുസരിച്ച് മാള സ്റ്റേഷനിൽ നിന്ന് രാവിലെ ഒമ്പതിന് പൊലീസ് വാഹനം കുരുവിലശേരിയിലെ കാളിന്ദി മഠത്തിലേക്ക് എത്തി.
പൊലീസ് വാഹനത്തിൽ കയറാനെത്തിയപ്പോൾ കൃഷ്ണയ്ക്ക് എവിടെ കയറണമെന്ന് ആശയക്കുഴപ്പമായി. സംസ്ഥാന പൊലീസ് മേധാവിയുടെ ക്ഷണം അനുസരിച്ചുള്ള കൂടിക്കാഴ്ചയ്ക്കായി മുന്നിലിരുന്നുള്ള യാത്ര തന്നെ തെരഞ്ഞെടുത്തു. അമ്മ ഇന്ദുവും വാർഡ് മെമ്പർ ബിന്ദു ബാബുവും പിന്നിലെ സീറ്റിൽ ഇരുന്നാണ് കാളിന്ദിയിൽ നിന്ന് യാത്ര തിരിച്ചത്.
ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ചായിരുന്നു ലോക്നാഥ് ബെഹ്റ കൂടിക്കാഴ്ച നിശ്ചയിച്ചത്. അതിഥിയായി എത്തിയ കൃഷ്ണയുടെ സാഹസികമായ കുതിര സവാരിയെയും കുതിരപ്പുറത്ത് പരീക്ഷയ്ക്ക് പോയതിനെയും അഭിനന്ദിച്ച് ലോക്നാഥ് ബെഹ്റ സാക്ഷ്യപത്രം കൈമാറി. പൊലീസ് സേനയിൽ കുതിര പരിശീലനം തുടങ്ങുമെന്നും അതിലേക്ക് കൃഷ്ണയെ ബെഹ്റ ക്ഷണിച്ചു. തിരുവനന്തപുരത്തും തൃശൂരിലും ആയിരിക്കും പരിശീലനമെന്നും അദ്ദേഹം അറിയിച്ചു.
കൃഷ്ണയുടെ അച്ഛൻ അജയൻ താഴെക്കാട് നാറാണത്ത് ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. സാഹസികതയും വെല്ലുവിളിയും ഏറ്റെടുക്കാൻ കഴിയില്ലെന്ന ചിലരുടെ ചോദ്യങ്ങൾക്ക് ചുട്ട മറുപടിയായാണ് കൃഷ്ണ കുതിര സവാരി പരിശീലിച്ചത്. സ്കൂളിലേക്ക് മാത്രമല്ല, വീട്ടിലേക്കുള്ള സാധനങ്ങൾ, പാൽ എന്നുവേണ്ട എന്ത് വാങ്ങാനും കൃഷ്ണ പോകുന്നത് കുതിരപ്പുറത്താണ്. ഇത്തരത്തിൽ ചെറിയ പ്രായത്തിൽ റോഡിലൂടെ കുതിര സവാരി നടത്തുന്ന സംസ്ഥാനത്തെ ആദ്യ പെൺകുട്ടിയെന്ന അംഗീകാരവും കൃഷ്ണയ്ക്ക് ലഭിച്ചു. തിരുവനന്തപുരം കേന്ദ്രമായ ഹോഴ്സ് റൈഡിംഗ് കേരള ക്ലബ്ബ് എന്ന വാട്സ് ആപ് കൂട്ടായ്മയാണ് കൃഷ്ണയ്ക്ക് ഈ അംഗീകാരം നൽകിയത്.