ഒല്ലൂർ: തൃശൂർ തലോർ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒല്ലൂരിൽ നടന്ന സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പേർ പങ്കെടുത്തു. സ്വജന പക്ഷപാതപരമായാണ് വികസനം എന്നാരോപിച്ച് യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു. തൃശൂർ മുണ്ടുപാലം മുതൽ തലോർ വരെയുള്ള സംസ്ഥാനപാത 21 മീറ്ററായി വീതികൂട്ടണമെന്നു മാസങ്ങൾക്കു മുൻപ് നടന്ന യോഗത്തിൽ തീരുമാനമായിരുന്നു.
നിലവിൽ 16 മീറ്റർ മാത്രം വീതിയുള്ള ഒല്ലൂർ റോഡ് 21 മീറ്ററാക്കുമ്പോൾ നിരവധി വ്യാപാരികളും മറ്റും നാമാവശേഷമാകുന്ന നിലയിലായിരുന്നു. എന്നാൽ നഷ്ടങ്ങൾക്ക് സാമ്പത്തികസഹായം നൽകുകയോ പുനരധിവാസം വേണ്ടവർക്ക് അതിന് വേണ്ട നടപടിക്രമങ്ങളോ ചെയ്യാമെന്ന് കോർപറേഷൻ തലത്തിൽ തീരുമാനം എടുക്കുകയായിരുന്നു. വികസനത്തിനുവേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധർ അടക്കമുള്ളമുള്ളവരെ ഉൾപ്പെടുത്തി 18 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
സാങ്കേതിക കമ്മിറ്റിയുടെ ഓഫിസിന്റെ ഉദ്ഘാടനം 22ന് ഒല്ലൂരിൽ നടക്കും. കെ. രാജൻ എം.എൽ.എ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, ഡെപ്യൂട്ടി മേയർ റാഫി, ബി.ജെ.പി നേതാവ് ശ്രീവത്സൻ വിവിധ കൗൺസിലർമാർ വ്യാപാരി വ്യവസായി പ്രമുഖർ, നാട്ടുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.