കയ്പ്പമംഗലം: വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ എന്ന മുദ്രവാക്യവുമായി ഡി.വൈ.എഫ്.ഐ കയ്പ്പമംഗലം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയുടെ അഞ്ചാം ഘട്ട ഭക്ഷണ വിതരണം നടത്തി. പദ്ധതിയുടെ രണ്ടാം വാർഷികത്തിൽ 55 ഡി.വൈ.എഫ്.ഐ വളണ്ടിയർമാർ രക്തദാനം നടത്തി. സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ്, പി.എൽ. പോൾസൺ, ടി.ജി. നിഖിൽ, കെ.സി. വിഷ്ണു, എം.എം. അക്ഷയ് എന്നിവർ നേതൃത്വം നൽകി. 5300 ഓളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്.