ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തുരങ്ക പാത നിർമ്മിക്കാൻ ദേവസ്വം ബോർഡ് നീക്കം. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണെന്നാണ് വിശദീകരണം. ക്ഷേത്രത്തിന് പുറത്തു നിന്നും മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനായാണ് തുരങ്ക പാത നിർമ്മിക്കുന്നത്.
ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പൊലീസ് എയ്ഡ്‌പോസ്റ്റ് മുതൽ ക്ഷേത്രത്തിനുള്ളിൽ വടക്കേ പ്രദക്ഷിണ വഴിയിൽ നാലമ്പലത്തിനകത്തേക്ക് ദർശനത്തിനായി ജീവനക്കാർക്ക് പ്രവേശിക്കുന്നതിനായുള്ള വരി തുടങ്ങുന്നിടത്ത് അവസാനിക്കും വിധമാണ് തുരങ്കപാത നിർമ്മിക്കാൻ ദേവസ്വം ഉദ്ദേശിക്കുന്നത്.
ദേവസ്വം ചെയർമാൻ കെ.ബി. മോഹൻ ദാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം സ്ഥല പരിശോധന നടത്തി. ചെയർമാന് പുറമെ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, ജ്യോതിഷി ചെറുവള്ളി നാരായണൻ നമ്പൂതിരി, ഭരണസമിതി അംഗങ്ങൾ, എൻജിനിയർ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ അനുമതിയും പാത നിർമ്മാണത്തിന് ഉണ്ടത്രേ. കിഴക്കേനടയിലെ വൈജയന്തി ബിൽഡിംഗ് പൊളിച്ച് നിർമിക്കുന്ന ക്യൂ കോംപ്ലക്‌സിലൂടെ വരുന്ന ഭക്തരെ കിഴക്കെനട ഗോപുരം വഴിയും, ഭഗവതിക്കെട്ടുവഴിയും പ്രവേശിപ്പിക്കാനാകും. ഇതുവഴി തിരക്ക് കുറക്കാനാകുമെന്നാണ് ദേവസ്വം ഭരണസമിതി പ്രതീക്ഷിക്കുന്നത്.