ചാലക്കുടി: നഗരത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിന് നഗരസഭ പ്രഖ്യാപിച്ച തീരുമാനങ്ങളിൽ ഒരു വിഭാഗം ബസുടമകൾക്കും ജീവനക്കാർക്കും അതൃപ്തി. പ്രശ്‌ന പരിഹാര യോഗത്തിൽ ചെയർപേഴ്‌സൺ വിളിച്ചു കൂട്ടിയ അനുരഞ്ജന യോഗത്തിൽ ബസുടമാ സംഘത്തിന്റെ മൂന്നു സംഘടനകൾ തങ്ങളുടെ തീരുമാനം അറിയിച്ചിരുന്നില്ല. രണ്ടു ദിവസത്തിനകം തീരുമാനം ഔഗ്യോഗികമായി അറിയിക്കുമെന്നായിരുന്നു ഇക്കൂട്ടർ പറഞ്ഞിരുന്നത്. എന്നാൽ അതിനു മുൻപേ മൊത്തത്തിലുള്ള തീരുമാനമായി കാണിച്ച് നഗരസഭാ അധികൃതർ വാർത്ത പുറത്തുവിട്ടു. ഇതിൽ ക്ഷുഭിതരായ ഉടമകളും തൊഴിലാളികളും ഇതിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുമെന്ന് പ്രതിനിധി വി.എം. ജോഷി പറഞ്ഞു.