ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തുരങ്ക പാത നിർമ്മിക്കാനുള്ള ദേവസ്വം ബോർഡ് നീക്കം വിവാദമാകുന്നു. ക്ഷേത്രം ചുറ്റമ്പലത്തിലെ പ്രദക്ഷിണ വീഥി വരെ തുരങ്കമെടുത്താകും പാതയുടെ നിർമ്മാണം. പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഭൂഗർഭ പാത നിർമ്മിച്ച് പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത വിവാദത്തിന് ആക്കം കൂട്ടുന്നുണ്ട്. മുമ്പ് പാത നിർമ്മാണം തുടങ്ങിയപ്പോൾ വിവാദമായതിനെ തുടർന്ന് പണി പൂർത്തിയാക്കിയില്ല. ഇത് പാതി വഴിയിലെത്തിയ ശേഷം പീന്നീട് അടച്ചു. നേരത്തെ പരിഷ്‌ക്കാര ആശയങ്ങളുമായി വന്ന പഴയ ഭരണ സമിതി ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപവും കൂത്തമ്പലമുൾപ്പെടെ പല ഭാഗങ്ങളും പൊളിച്ച് നിർമിക്കാൻ ശ്രമിച്ചിരുന്നു.
ഇതും പരാജയപ്പെട്ട് പാതിവഴിയിൽ തന്നെ ഉപേക്ഷിച്ചു. വൻതുക പ്ലാൻ തയ്യാറാക്കാനായി ചെലവഴിക്കുകയും ചെയ്തു. ശരാശരി പത്ത് മീറ്റർ മാത്രമാകും ഇവിടെ തുരങ്ക പദ്ധതി. പലപ്പോഴും തിരക്കുള്ള സമയങ്ങളിൽ ഒന്നും രണ്ടും കിലോമീറ്ററിലധികം നീളുന്ന ഭക്തരുടെ നിര ഈ ചെറിയ തുരങ്കം കൊണ്ട് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന ആശങ്കയുമുണ്ട്. ഇതിന് പുറമെ കനത്ത മഴയിൽ പലപ്പോഴും ക്ഷേത്രത്തിനകത്തേക്ക് വരെ വെള്ളം കയറുന്ന അവസ്ഥയിൽ എങ്ങനെ തുരങ്കം വഴി സഞ്ചാരമൊരുക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ചില വ്യവസായ പ്രമുഖരുടെ എൻജിനീയറിംഗ് വിദഗ്ദ്ധരെ കൊണ്ട് പ്ലാൻ വരച്ച് തച്ചു ശാസ്ത്ര വിദഗ്ധർ വഴി അംഗീകരിപ്പിക്കാനാണ് ശ്രമം. ഗുരുവായൂർ ക്ഷേത്രത്തിൽ മാസങ്ങൾക്ക് മുമ്പ് നടന്ന ദേവപ്രശ്‌നത്തിൽ ക്ഷേത്രത്തിനകത്തെ വാസ്തു സങ്കല്പത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. ഇതിൽ ക്ഷേത്രത്തിലെ പുനർനിർമ്മിതികളിൽ ചില അപാകതകൾ ഉണ്ടെന്നും അവ പുന:പരിശോധിക്കുക മാത്രമേ ചെയ്യാവൂ എന്നും വ്യക്തമാക്കിയിരുന്നു. ആദ്യകാല വാസ്തുവിൽ തൊടരുതെന്നും നിർദ്ദേശം ഉണ്ടായിരുന്നു. പല വേളകളിൽ പല അഭിപ്രായം പുറത്തുവരുന്നതും ക്ഷേത്രം താത്രികാചാര്യന്മാരുടെ മൗനവും ആശങ്കയ്ക്കിട നൽകുന്നുണ്ട്. ദേവപ്രശ്‌നത്തിലെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കാതെ തങ്ങൾക്കിഷ്ടപ്പെട്ടവ മാത്രം തെരഞ്ഞെടുക്കുന്ന രീതിയാണ് ദേവസ്വം ഭരണസമിതിയുടേതെന്നും ആക്ഷേപമുണ്ട്.