കുന്നംകുളം: കുന്നംകുളത്തിന്റെ സ്വപനപദ്ധതിയായ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് 8.5 കോടി രൂപയുട വായ്പാ കരാർ ഉടമ്പടി വച്ചു. കുന്നംകുളം അർബൺ ബാങ്കാണ് നഗരസഭാ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി വായ്പ നൽകുന്നത്. പലവട്ടം നിലച്ചു പോയ ബസ് സ്റ്റാൻഡ് കെട്ടിടത്തിനും ടെർമിനലിനും മന്ത്രി എ.സി. മൊയ്തീന്റെ ഇടപെടലിനെ തുടർന്നാണ് ജീവൻ വെച്ചത്.
ബി.ഒ.ടി, പി.പി.പി അടിസ്ഥാനത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തടസവും പ്രദേശിക എതിർപ്പും മൂലം നടന്നില്ല. കോടികൾ വിലമതിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതുന്ന സ്വകാര്യ നയത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നഗരസഭ തന്നെ നേരിട്ട് ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ തീരുമാനിച്ചത്.
എ.സി. മൊയ്തീന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.35 കോടി രൂപയും 8.5 കോടി ബാങ്ക് ലോണും ചേർന്നാണ് നിർമ്മാണം നടത്തുന്നത്. ഭീമമായ തുക നഗരസഭയ്ക്ക് പ്രദേശികമായ ബാങ്ക് തന്നെ നൽകാൻ തയ്യാറായി എന്നത് മറ്റൊരു ചരിത്രം കൂടിയാണ്. കുന്നംകുളം നഗരസഭാ പ്രദേശം പ്രവർത്തനമേഖലയായ അർബൺ ബാങ്ക് ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും വലിയ തുകയാണ് ഇത്.
നഗരം വികസിക്കുന്നതോടൊപ്പം, നഗരത്തിന്റെ വ്യാപാരമേഖലയ്ക്ക് കൂടി ഉണർവേകുന്നതാണ് നഗരസഭയുടെ ഈ തീരുമാനം. നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, ബാങ്ക് സെക്രട്ടറി കെ.ഐ. സിൽവി എന്നിവർ ഒപ്പിട്ട് ധാരണാപത്രം കൈമാറി. നഗരസഭാചെയർപേഴ്സൺ സീത രവിന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുകുന്ദൻ, ഗീത ശശി, അർബൻ ബാങ്ക് പ്രസിഡന്റ് പീയൂസ് വാഴപ്പിള്ളി, വൈസ് പ്രസിഡന്റ് ടി.എ. വേലായുധൻ, മന്ത്രി എ.സി. മൊയ്തീന്റെ പ്രതിനിധി ടി.കെ. വാസു, ബാങ്കിന്റെ ലീഗൽ ഉപദേശകൻ അഡ്വ. കെ.എസ്. ബിനോയിയും എന്നിവർ സംബന്ധിച്ചു.