തൃശൂർ : 1951 ൽ തൃശൂർ ലോക്‌സഭാ മണ്ഡലം രൂപം കൊണ്ടശേഷം തൃശൂരിൽ നിന്നും ഇതുവരെ കേന്ദ്രമന്ത്രി ഉണ്ടായിട്ടില്ല. ഇത്തവണയെങ്കിലും അതിന് ഭാഗ്യം ലഭിക്കുമോ എന്ന കാര്യമാണ് തൃശൂർ ഉറ്റുനോക്കുന്നത്. ജില്ലയിലെ മറ്റ് രണ്ട് മണ്ഡലങ്ങൾക്കും മുമ്പേ ഇതിന് അവസരം ലഭിച്ചിരുന്നു. കെ.ആർ നാരായണൻ (മുൻ ഒറ്റപ്പാലം മണ്ഡലം), പനമ്പിള്ളി ഗോവിന്ദ മേനോൻ, എ.സി ജോർജ്ജ് (മുൻ മുകുന്ദപുരം മണ്ഡലം) എന്നിവരാണ് കേന്ദ്രമന്ത്രിമാരായത്. സാംസ്‌കാരിക തലസ്ഥാനമെന്ന് പുകൾപെറ്റ തൃശൂരിൽ നിന്നും ഒരു കേന്ദ്രമന്ത്രി ഇതുവരെ സ്വപ്നമായി അവശേഷിക്കുകയാണ്. ഇത്തവണ രാഷ്ട്രീയ സാഹചര്യങ്ങൾ എല്ലാം ഒത്തുവന്നിരിക്കുകയാണ്. മൂന്ന് മുന്നണികളിൽ നിന്നും ആര് വിജയിച്ചാലും അതിനുള്ള സാദ്ധ്യതയേറെയാണ്. സാദ്ധ്യതകൾ ഇങ്ങനെയാണ്.
സുരേഷ് ഗോപി
ബി.ജെ.പി സ്ഥാനാർത്ഥി. ബി.ജെ.പിക്ക് സാദ്ധ്യതയില്ലാത്ത മണ്ഡലത്തിൽ നിന്ന് ജയിക്കാൻ കഴിയുന്നതായിരിക്കും ഒന്നാമത്തെ പരിഗണന. മനുഷ്യസ്‌നേഹിയെന്ന അദ്ദേഹത്തിന്റെ വ്യക്തിത്വവും മുഖ്യപരിഗണയാകും. ബി.ജെ.പി ബി.ഡി.ജെ.എസ് കേന്ദ്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം പ്രതിഷിക്കുന്നത്.
പ്രതാപൻ
കോൺഗ്രസിന്റെ സ്ഥാനാർത്ഥി.. പ്രതാപൻ ജയിക്കുകയും പ്രതിപക്ഷ സഖ്യം അധികാരത്തിൽ വരികയും ചെയ്താൽ മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം യു.പി.എ മാനിഫെസ്റ്റോയുടെ ഭാഗമാണ്. അതിന്റെ ദേശീയ നേതാവ് എന്ന നിലയിൽ, മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാഹുൽഗാന്ധിയുടെ ഗുഡ് ബുക്കിലുള്ള നേതാവെന്ന പരിഗണയും തുണയാകും.
രാജാജി മാത്യു തോമസ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി. പ്രതിപക്ഷ സഖ്യം ഭരണത്തിൽ വന്നാൽ സി.പി.ഐക്ക് സാദ്ധ്യതയുണ്ട്. കഴിഞ്ഞ തവണ സി.പി.ഐക്ക് ഏക എം.പിയെ സംഭാവന ചെയ്ത തൃശൂരിന് മറ്റ് എവിടത്തേക്കാളും പരിഗണന ലഭിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിലും പുറത്തും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി പ്രവർത്തിച്ച പാരമ്പര്യവും അനുഭവസമ്പത്തും രാജാജിക്ക് തുണയാകും. മുൻപ് ഇന്ദ്രജിത്ത് ഗുപ്തയും ചതുരാനൻ മിശ്രയും ദേവഗൗഡയുടെയും ഗുജ്‌റാളിന്റെയും മന്ത്രിസഭകളിൽ മന്ത്രിമാരായിരുന്നു. ദേവഗൗഡ ഒഴിഞ്ഞ് ഗുജ്‌റാൾ വന്നപ്പോൾ അന്ന് തൃശൂർ ലോക്‌സഭാംഗമായിരുന്ന വി.വി. രാഘവനെ മന്ത്രിയാക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണയോടെ മന്ത്രിയാവുക കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഗുണം ചെയ്യില്ലെന്ന തോന്നലാണ് അന്ന് പ്രതികൂലമായത്. കേന്ദ്രത്തിൽ മോദി വീണ്ടും അധികാരത്തിൽ വരികയും പ്രതിപക്ഷ സഖ്യത്തിൽ നിന്ന് ആരെങ്കിലും ജയിക്കുകയും ചെയ്താൽ മത്സരിച്ചു ജയിക്കാത്ത സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകാനും സാദ്ധ്യതയുണ്ട്. അദ്ദേഹം നിലവിൽ രാജ്യസഭാംഗമാണ്.
വാൽ : മുമ്പ് കെ. കരുണാകരൻ കേന്ദ്രമന്ത്രിയായിട്ടുണ്ട്. പക്ഷേ രാജ്യസഭാംഗമാണ്.