തൃശൂർ: അണിഞ്ഞൊരുങ്ങി. മുമ്പത്തേക്കാൾ സുന്ദരിയായി. കണ്ടാൽ ആർക്കും നീന്തിത്തുടിക്കാൻ തോന്നും. 32 വർഷം മുമ്പ് പണിത തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തൽക്കുളത്തിന്റെ കാര്യമാണ് പറയുന്നത്. നവീകരണ പ്രവർത്തനങ്ങൾ അവസാനിച്ചതോടെ ദേശീയമത്സരങ്ങൾക്കടക്കം വേദിയാകാൻ പോകുന്ന നീന്തൽക്കുളം ഇനി തൃശൂരിന്റെ അഭിമാനമാകും. നീന്തൽക്കുളം 25ന് തുറന്നുകൊടുക്കും.
അക്വാട്ടിക് കോംപ്ലക്‌സിന്റെ ഏറ്റവും മുകൾനിലയിലാണ് എട്ടുട്രാക്കുകളും ഏഴടി താഴ്ചയുമുള്ള 50 മീറ്റർ നീന്തൽക്കുളവും 20 അടി താഴ്ചയുള്ള ഡൈവിംഗ് പൂളും. 4.33 കോടിരൂപ ചെലവിലായിരുന്നു നവീകരണം. 2017ലാണ് നവീകരണ പ്രവർത്തനങ്ങൾക്കായി അക്വാട്ടിക് കോംപ്ളക്സ് അടച്ചിട്ടത്. ഒളിമ്പിക്‌സ് നിലവാര ശുദ്ധീകരണപ്രക്രിയയുള്ള സംസ്ഥാനത്തെ രണ്ടാമത്തെ നീന്തൽക്കുളമാണ് തൃശൂരിലേത്. ഒന്നാമത്തേത് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ്ജ് നീന്തൽക്കുളമാണ്.
ശുദ്ധീകരണം
സ്‌പെയിനിൽ നിന്ന്
സ്‌പെയിനിൽനിന്ന് ഇറക്കുമതിചെയ്ത ശുദ്ധീകരണപ്ലാന്റ് ഉപയോഗിച്ചാണ് നീന്തൽക്കുളം ശുദ്ധീകരിക്കുന്നത്. ഒളിമ്പിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലുമടക്കം ഉപയോഗിക്കുന്ന ജലശുദ്ധീകരണ പ്ലാന്റാണിത്. ഓസോണേറ്റഡ് പ്ലാന്റാണ് ശുദ്ധീകരണത്തിന് ഉപയോഗിക്കുക. അന്തരീക്ഷവായുവിൽ നിന്ന് ഓക്‌സിജൻ സ്വീകരിച്ചാണ് പ്ലാന്റ് ജലശുദ്ധീകരണം നടത്തുക. എപ്പോഴും നിറഞ്ഞുകവിയുന്ന നീന്തൽക്കുളത്തിലെ വെള്ളം നാലുവശങ്ങളിലൂടെയും സംഭരിച്ച് പ്ലാന്റിലെത്തിച്ചാണ് ശുദ്ധീകരിച്ച് തിരികെ നീന്തൽക്കുളത്തിലെത്തിക്കുക. ദിവസം 10 മണിക്കൂറെങ്കിലും ഇത്തരത്തിൽ പ്ലാന്റ് പ്രവർത്തിക്കും.
പരിശീലനം
സ്‌പോർട്‌സ് കൗൺസിൽ അവധിക്കാലത്ത് കുട്ടികൾക്ക് നീന്തലിൽ പരിശീലനം നൽകുന്നുണ്ട്. അക്വാട്ടിക് കോംപ്ലക്‌സിന്റെ താഴത്തെ നിലയിലുള്ള ലേണിംഗ് പൂളിലാണ് പരിശീലനം. ഇത്തരത്തിൽ 600 പേരുടെ പരിശീലനം കഴിഞ്ഞ്, നീന്തൽപരീക്ഷയും നടത്തി കൗൺസിലിന്റെ സർട്ടിഫിക്കറ്റും നൽകി. മൂന്നാംഘട്ട പരിശീലനം 15ന് തുടങ്ങും. ജില്ലാ സ്‌പോർട്‌സ് ഓഫീസറും സ്‌പോർട്‌സ് കൗൺസിൽ നീന്തൽ കോച്ചുമായ എ. ജനാർദ്ദനന്റെ നേതൃത്വത്തിലാണ് കോച്ചിംഗ് നടക്കുന്നത്.
1987ൽ തുടക്കം
1987ൽ ദേശീയ ഗെയിംസ് മത്സരങ്ങൾക്കു വേണ്ടിയാണ് കോംപ്ലക്‌സിൽ നീന്തൽക്കുളം നിർമ്മിച്ചത്. താഴത്തെ നിലയിൽ നീന്തൽ പരിശീലനത്തിനുവേണ്ടിയുള്ള ചെറിയ നീന്തൽക്കുളവും അടങ്ങിയതായിരുന്നു അക്വാട്ടിക് കോപ്ലക്‌സ്. അറ്റകുറ്റപ്പണി നടത്താതിരുന്നത് പോരായ്മയായി. മന്ത്രി എ.സി. മൊയ്തീൻ മുൻകൈയെടുത്ത് 2017ലാണ് നീന്തൽക്കുളം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ പദ്ധതിയിട്ടത്.
നവീകരണം ഇങ്ങനെ
നീന്തൽക്കുളത്തിലും പുറത്തും പുതിയ ടൈലുകൾ വിരിച്ചു.
ഇരുവശത്തുമുള്ള ഗാരറിൽ നവീകരിച്ച് പെയിന്റ് ചെയ്തു
അയ്യായിരത്തോളം പേർക്ക് ഗാലറിയിൽ ഇരിക്കാം
നീന്തൽക്കുളത്തിൽ വെളിച്ചം ലഭിക്കാൻ ഇരുവശത്തും സംവിധാനം
ഡൈവിംഗ് പൂളിനുള്ളിൽ അണ്ടർ വാട്ടർ ലൈറ്റുകൾ
പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം കുളിമുറികൾ