തൃശൂർ: കഴിഞ്ഞ വർഷം 205 പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചപ്പോൾ ഈ വർഷം അഞ്ചു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 12 പേർക്ക് മാത്രമാണെന്ന് ആരോഗ്യവകുപ്പ്. 2017 ലും ഇരുന്നൂറിലേറെപ്പേർക്ക് ഡെങ്കി ബാധിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ ബോധവത്കരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണപ്രവർത്തനങ്ങളും നടത്തിയതിന്റെ ഫലമായാണ് ഡെങ്കിപ്പനി കുറയ്ക്കാൻ കഴിഞ്ഞതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നെന്മണിക്കര, വെള്ളാനിക്കര എന്നിവിടങ്ങളിൽ നിന്നാണ് ഈ വർഷം ഡെങ്കി റിപ്പോർട്ട് ചെയ്തത്.
ദേശീയ ഡെങ്കി ദിനമായ ഇന്നലെ ജില്ലയിലുടനീളം ബോധവത്കരണ പരിപാടികൾ നടത്തി. കൊതുകുകളുടെ ഉറവിട നശീകരണ യജ്ഞത്തിന്റെ ഗൃഹസന്ദർശന പരിപാടിക്കും തുടക്കം കുറിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരത്താക്കരയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന നിർവഹിച്ചു. ബോധവത്കരണ റാലിയും സെമിനാറും നടത്തി. ഡെങ്കിപ്പനി പ്രതിരോധത്തെക്കുറിച്ചും സാമൂഹിക പങ്കാളിത്തത്തെക്കുറിച്ചും ഡോ. ബിനോജ്, ഡോ. കാവ്യ എന്നിവരും പ്ലാസ്റ്റിക് റീസൈക്ലിംഗിനെക്കുറിച്ചു കേരള അഗ്രോ ഇൻഡസ്ട്രീസ് കോ- ഓപറേറ്റീവ് ലിമിറ്റഡിന്റെ പ്രതിനിധികളും വിഷയങ്ങൾ അവതരിപ്പിച്ചു. പൂരം പ്രദർശന ഹാളിൽ ബോധവത്കരണ കലാപരിപാടികളും ഡെങ്കി ബോധവത്കരണ സ്‌കിറ്റും നടത്തിയിരുന്നു.
കരുതൽ ഇനിയും വേണം:
ഡെങ്കിബാധിതർ കുറഞ്ഞെങ്കിലും മുൻകരുതൽ തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. മഴ ശക്തമാകുന്നതോടെ കൊതുക് ശല്യവും രൂക്ഷമാകും. മാലിന്യ നീക്കം ഇപ്പോഴും നഗരത്തിൽ ഫലപ്രദമല്ല. പൂരം കഴിഞ്ഞ പശ്ചാത്തലത്തിൽ ഒാടകളും നഗരത്തിലെ റോഡുകളും മലിനമാണ്.
ശ്രദ്ധിക്കാം
കൊതുക് വളരുന്ന മലിനമായ സാഹചര്യങ്ങൾ ഒഴിവാക്കണം.
ചിരട്ടകൾ, കുപ്പികൾ, ടയറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കണം.
വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുകൾ മുട്ടയിടാതിരിക്കാനായി വലകൾ കൊണ്ട് കെട്ടിവയ്ക്കണം.
അലങ്കാര കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളർത്താം.
കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലകൾ കൊണ്ട് കെട്ടിവയ്ക്കണം.
കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകൾ നികത്തണം.
ഓടകളിലെ മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടണം.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും.