ചാവക്കാട്: ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ ടൈൽ വിരിക്കൽ പ്രവൃത്തി മുടങ്ങിയിട്ട് മാസങ്ങൾ. കരാറുകാരന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്നാരോപിച്ച് ദേശീയപാത വിഭാഗം അധികൃതർ രംഗത്തെത്തി. ടൈൽ വിരിക്കൽ പണി മുടങ്ങിക്കിടക്കുന്നതിന്റെ കാരണമന്വേഷിച്ച് കരാറുകാരന് കത്തയച്ചിട്ടുണ്ടെന്ന് ദേശീയപാത വിഭാഗം എൻജിനീയർ പറഞ്ഞു. ദേശീയപാതയിലെ മുല്ലത്തറ ചാവക്കാട് ടൗൺ റോഡ് ടൈൽ വിരിച്ച് നവീകരിച്ചതിനോട് അനുബന്ധിച്ചാണ് റോഡിനോട് ചേർന്നുള്ള മിനി സിവിൽ സ്റ്റേഷന് മുൻപിലും വശത്തും ടൈൽ വിരിക്കൽ ആരംഭിച്ചത്.
300 മീറ്റർ റോഡ് പണി പൂർത്തിയാക്കി ജനുവരിയിൽ തന്നെ തുറന്നു കൊടുത്തെങ്കിലും മിനി സിവിൽ സ്റ്റേഷനു മുൻപിലെ 100 മീറ്റർ ടൈൽ വിരിക്കൽ ജോലി മാസം അഞ്ചു കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. ഇവിടെ നിർമ്മാണം പാതിവഴിയിലാണുള്ളത്. ഇതിനായി കൊണ്ടു വന്ന ടൈലുകളും (സിമന്റ് കട്ട) മണ്ണും മിനി സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ട നിലയിലാണ്. ഇതു മൂലം വിവിധ ആവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷനിലെത്തുന്നവരാണ് ദുരിതത്തിലായത്.
കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 94 ലക്ഷം രൂപ ചെലവിട്ടാണ് ദേശീയപാതയുടെ ഭാഗമായ റോഡ് ടൈൽ വിരിച്ച് നവീകരിച്ചത്. സ്ഥിരമായി റോഡ് തകർച്ചയും വെള്ളക്കെട്ടുമുണ്ടാകുന്ന പ്രദേശമായതിനാൽ ഇവിടെ ടാറിടുന്നതിന് പകരം ടൈൽ വിരിച്ച് ശാശ്വത പരിഹാരം കാണാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മിനി സിവിൽ സ്റ്റേഷന് മുൻപിലും വശത്തും ടൈലുകൾ പതിക്കാതെ കൂട്ടിയിട്ട നിലയിലാണ് ഇപ്പോഴും.
......................................
കാനയില്ലാത്ത ആശങ്കയിൽ
നിലവിലുണ്ടായിരുന്ന റോഡിനേക്കാൾ ഉയരത്തിലാണ് ഇപ്പോൾ റോഡ് നിർമ്മിച്ചിരിക്കുന്നത്. റോഡിനിരുവശവും കാന നിർമ്മിച്ചിട്ടുമില്ല.
ഇത് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളെയും വീടുകളെയും മഴക്കാലത്തിൽ വെള്ളക്കെട്ടിലാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.